അര്‍ത്തുങ്കലിൽ ഇന്ന് കൊടിയേറും തിരുസ്വരൂപ നടതുറക്കല്‍ 18ന്
1493954
Thursday, January 9, 2025 11:01 PM IST
ചേര്‍ത്തല: ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.30നു ബീച്ച് കുരിശടിയില്‍നിന്നു ദേവാലയത്തില്‍ കൊടി എത്തിക്കും. തുടര്‍ന്ന് 6.30നു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഏഴിനു പൊന്തിഫിക്കല്‍ ദിവ്യബലി-കൊല്ലം രൂപത മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍. 18ന് പുലര്‍ച്ചെ അഞ്ചിനാണ് തിരുസ്വരൂപ നടതുറക്കല്‍. രാവിലെ 11നു മലങ്കര റീത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി-തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. വൈകുന്നേരം ആറിനു പൊന്തിഫിക്കല്‍ ദിവ്യബലി-വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ദിവ്യബലിയുണ്ടാകും. 19നു രാവിലെ 11നു സീറോ മലബാര്‍ റീത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി-ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയില്‍. 20നാണ് പ്രധാന തിരുനാള്‍ദിനം. രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വൈകുന്നേരം മൂന്നിന് തിരുനാള്‍ ദിവ്യബലി-കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്. 4.30നു ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം. ബസലിക്കയില്‍നിന്ന് ആരംഭിച്ച് കടപ്പുറത്തെ കുരിശടിവരെ സഞ്ചരിച്ച് മടങ്ങിയെത്തുന്ന തിരുസ്വരുപം വഹിച്ചുള്ള എഴുന്നള്ളത്തില്‍ ജനലക്ഷങ്ങള്‍ പങ്കാളികളാകും.