മുണ്ടിനീര് പടരുന്നു: ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്
1493949
Thursday, January 9, 2025 11:01 PM IST
പൂച്ചാക്കൽ: കുട്ടികളിൽ മുണ്ടിനീര് രോഗം ജില്ലയിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവിഭാഗം. പാരമിക്സോ വൈറസ് വഴിയാണ് മുണ്ടിനീര് പകരുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ പ്രധാന വീക്കം ഉണ്ടാകുന്നതാണ് ലക്ഷണം. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.
ചെറിയ പനിയും തലവേദനയുമാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. കുട്ടികളിൽ മുണ്ടിനീരിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാൻ ശ്രദ്ധിക്കണം. പനിപോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്. രോഗബാധിതരുടെ ഉമിനീര് കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു.
രോഗികളായ കുട്ടികളെ സ്കൂളിൽ വിടരുന്നത് ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് ചികിത്സ ഉറപ്പാക്കേണ്ടതാണ്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചേർത്തലയുടെ വടക്കൻ മേഖലകളിൽ പെരുമ്പളം പഞ്ചായത്ത് കൂടാതെ അരൂക്കുറ്റി, പാണാവള്ളി എന്നിവിടങ്ങളിലും ചെറിയ രീതിയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെരുമ്പളം
സ്കൂളിൽ
21 ദിവസം അവധി
ചേർത്തല താലൂക്കിലെ പെരുമ്പളം സൗത്ത് എൽപി സ്കൂളിലെ ഒൻപത് കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാൽ സ്കൂളിന് ഇന്നലെ മുതൽ 21 ദിവസം അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.
മുണ്ടിനീരിന്റെ ഇൻക്യുബേഷൻ പിരീഡ് പടർന്ന് 21 ദിവസം വരെ ആയതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് രോഗം പടർന്ന് പിടിക്കുന്നത് ഒഴിവാക്കുന്നതിനാണ് അവധി നൽകുന്നത്.
ജില്ലാ മെഡിക്കൽ ഓഫിസർ അവധി നൽകാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് 21 ദിവസം അവധി നൽകാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്. വിദ്യാലങ്ങളിൽ മുണ്ടിനീര് പടർന്ന് പിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.