അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉപദേശക സമിതി പിരിച്ചുവിടണമെന്ന്
1493948
Thursday, January 9, 2025 11:01 PM IST
അന്പലപ്പുഴ: കളഭമഹോത്സവത്തിനുശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശകസമിതി പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നു. ക്ഷേത്രത്തിന് കളങ്കമുണ്ടാക്കിയ ഉപദേശകസമിതിയംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നിലവിലെ ഉപദേശകസമിതി ചുമതലയെടുത്ത നാൾ മുതൽ ഭാരവാഹികളും അംഗങ്ങളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും തർക്കങ്ങളുമായിരുന്നു. ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഉപദേശകസമിതിയിൽ ഒരേ രാഷ്ട്രീയപാർട്ടിക്കാർ തമ്മിലും തർക്കമായിരുന്നു. ഇതിനിടയിലാണ് സെക്രട്ടറി അവധിയിൽ പോയ സമയത്ത് പ്രസിഡന്റ് മറ്റൊരു താഴിട്ട് ഓഫീസ് പൂട്ടിയത്.
ഇത് മറ്റൊരു കമ്മിറ്റിയംഗവുമായെത്തി സെക്രട്ടറി പൊളിച്ചതോടെയാണ് തർക്കം മറ്റൊരു തലത്തിലെത്തിയത്. ഈ സംഭവത്തോടെ ഉപദേശക സമിതിയംഗങ്ങൾ രണ്ടു ചേരിയായി മാറുകയായിരുന്നു. സംഭവം പോലീസ് സ്റ്റേഷനിലെത്തിയതോടെ പ്രസിദ്ധമായ പന്ത്രണ്ട് കളഭമഹോത്സവ നടത്തിപ്പ് ആശങ്കയിലായി.
തുടർന്നാണ് താത്കാലിക സംവിധാനമെന്ന നിലയ്ക്ക് നിലവിലെ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെയും ആക്ടിംഗ് സെക്രട്ടറിക്ക് സെക്രട്ടറിയുടെ ചുമതലയും നൽകിയത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഉപദേശകസമിതിയംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മഹാ ക്ഷേത്രത്തിന് കളങ്കമുണ്ടാക്കിയ ഉപദേശകസമിതി കളഭത്തിനുശേഷം പിരിച്ചുവിട്ട് പുതിയ ഉപദേശകസമിതിയെ തെരഞ്ഞെടുക്കണമെന്നാണ് ഭൂരിപക്ഷം ഭക്തരുടെയും ആവശ്യം.