മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു, ഞങ്ങൾക്കും ജീവിക്കണ്ടേ?
1494237
Saturday, January 11, 2025 12:21 AM IST
പൂച്ചാക്കൽ: വേമ്പനാട്ടു കായൽകൊണ്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതാണ് ജീവിതപ്രതിസന്ധിക്ക് കാരണം.
അശാസ്ത്രീയമായി ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ മത്സ്യബന്ധന ഉപകരണങ്ങൾ ഒഴുക്കിൽപ്പെട്ട് പോകുകയും മത്സ്യങ്ങളുടെ പ്രജനനം നടക്കാതെയും വരുന്നു. കായലോരങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും ഇതര വിഭാഗങ്ങളുടെയും വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുമാണ് ഇപ്പോൾ. ഇതുമൂലം മത്സ്യത്തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണ്.
മുന്നറിയിപ്പില്ലാതെ ബണ്ട് തുറക്കാൻ കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും നിയമാനുസൃതമായ മുന്നറിയിപ്പ് നൽകണം എന്നാണ്. എന്നാൽ ഇപ്പോൾ ഇതു പാലിക്കുന്നില്ലെന്നും തോന്നിയതുപോലെ ഷട്ടർ തുറന്നുവിടുമ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ട് വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചുപോകുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മാത്രവുമല്ല കായലിൽ എക്കൽ അടിയുന്നതിനും കുട്ടനാട്ടിൽനിന്നുള്ള മുഴുവൻ മാലിന്യങ്ങളും ഒഴികിയെത്തുന്നതിനും ഇടയാവുന്നുണ്ട്.
മത്സ്യസമ്പത്ത്
കുറഞ്ഞു
ബണ്ട് വന്നതിനുശേഷമാണ് വേമ്പനാട്ട് കായലിലെ മത്സ്യയിനങ്ങളുടെ ഘടനയിൽ വ്യത്യാസം വന്നിട്ടുണ്ട്. നേരത്തേ കരിമീനും കൊഞ്ചും ധാരാളം ലഭിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഇവയൊന്നുംതന്നെ കാണാൻപോലും സാധിക്കുന്നില്ല. 10വർഷം മുമ്പ് ശരാശരി 300 കിലോ മത്സ്യംവരെ കിട്ടിയിരുന്നു. രൂക്ഷമായ മലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും കായലിന്റെ ആവാസവ്യവസ്ഥ തകർത്തതും പ്രതിസന്ധിയിലാക്കി.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലെ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് വലയുന്നത്.
സമരമുഖത്ത്
സംഘടനകൾ
മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്തുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഷട്ടറുകൾ ഉയർത്താൻ ശ്രമിച്ചാൽ ഷട്ടറുകൾ അടയ്ക്കാൻ പറ്റാത്ത രീതിയിൽ വള്ളങ്ങൾ ഷട്ടറിന്റെ അടിയിൽ കൊണ്ടുവന്നിട്ട് സമരം ചെയ്യുമെന്ന് ധീവരസഭ നേതാക്കൾ മുന്നറിയിപ്പ് നൽകുകയും പ്രോജക്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുകയും ചെയ്തു.
മത്സ്യത്തൊഴിലാളി സംഘടനയുടെ ചേർത്തല - വൈക്കം താലൂക്ക് കമ്മിറ്റി നേതാക്കളായ ചന്ദ്രൻ കൃഷ്ണാലയം, സുരേഷ് കരിയിൽ, വി.കെ. സിദ്ധാർത്ഥൻ, എം.വി. ഉദയകുമാർ, സി.എസ്. നാരായണൻകുട്ടി, കെ.ആർ. വിശ്വംഭരൻ, ഹരിഹരൻ, രാജേഷ്, ശശിധരൻ, ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രോജക്ട് ഓഫീസർക്ക് നിവേദനവും ധർണയും സംഘടിപ്പിച്ചത്.