മതരാഷ്ട്രവാദികൾക്ക് മുസ്ലിം ന്യൂനപക്ഷത്തെ എറിഞ്ഞുകൊടുക്കുന്നു: പിണറായി വിജയൻ
1494236
Saturday, January 11, 2025 12:21 AM IST
ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണ് ലീഗ് എന്ന് പിണറായി വിജയൻ പറഞ്ഞു. മഹാഭൂരിപക്ഷം മുസ്ലിംകൾ തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണ് പോക്കെന്നും പിണറായി കുറ്റപ്പെടുത്തി.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ലീഗിനെ പിണറായി കടന്നാക്രമിച്ചത്. സംഘ്പരിവാറിനും ജമാഅത്തെ ഇസ്ലാമിക്കും ഒരുപോലെ സ്വീകാര്യരായവരെ യുഡിഎഫ് മത്സരിപ്പിച്ചാൽ അദ്ഭുതമില്ല. മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞുകൊടുക്കുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വ്യക്തമാക്കി.
കോൺഗ്രസിന്റെ അനുഭവം ലീഗ് ഓർത്താൽ നല്ലത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ ബിജെപി പിടിമുറുക്കി. വർഗീയതയെ എതിർക്കാതിരുന്നതിന്റെ ഫലമാണിത്. തങ്ങൾ ഒരു കച്ചവടത്തിനുമില്ലെന്നും സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പ്രതിനിധി സമ്മേളനം നടക്കുന്ന ശബരീസ് കൺവൻഷൻ സെന്ററിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ ഒമ്പതിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ നടന്നു. താത്കാലിക അധ്യക്ഷനായി ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദിനെ തെരഞ്ഞെടുത്തു.
തുടർന്ന് പ്രതിനിധികൾ സമ്മേളന നഗറിനു മുന്നിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജി. വേണുഗോപാൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി. ബി. ചന്ദ്രബാബു രക്തസാക്ഷി പ്രമേയവും കെ.എച്ച്. ബാബുജാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.കെ. ദേവകുമാർ സ്വാഗതം പറഞ്ഞു.
തുടർന്നു വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. നാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, ഡോ.ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സജി ചെറിയാൻ, കെ.കെ. ജയചന്ദ്രൻ ആനാവൂർ നാഗപ്പൻ, എം. സ്വരാജ്. പി.കെ. ബിജു, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളന വേദിയായ മണ്ണാറശാല ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ ഇന്ത്യൻ ജനാധിപത്യം ഇന്നലെ ഇന്ന് നാളെ എന്ന സെമിനാർ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവർ പ്രസംഗിച്ചു. ഏഴിന് അലോഷിയുടെ ഗസൽ നിലാവുമുണ്ടായിരുന്നു.
വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കിൽ
പടിക്കുപുറത്ത്: പിണറായി
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടി ഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു.
വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചുവച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകി.
സമ്മേളനത്തിനു ക്ഷണിച്ചിട്ടും
ജി. സുധാകരൻ പങ്കെടുത്തില്ല
ഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിട്ടും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുത്തില്ല. ഇതോടെ 1975 നു ശേഷം ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യസമ്മേളനമായി ഹരിപ്പാട് ജില്ലാ സമ്മേളനം മാറി.
ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. ഉദ്ഘാടനത്തിനുശേഷം മടങ്ങിപ്പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്നു കാണിച്ചാണ് സുധാകരൻ പങ്കെടുക്കാതിരുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും സമാപനസമ്മേളനത്തിലും മാത്രമായിരുന്നു ജി. സുധാകരനെ ക്ഷണിച്ചിരുന്നത്.