വൈറലായി കണ്ണൂരിലെ മിനി ഗുണാ കേവ്; നിയന്ത്രണം വേണമെന്ന് നാട്ടുകാർ
1590952
Friday, September 12, 2025 1:44 AM IST
പയ്യാവൂർ (കണ്ണൂർ): പയ്യാവൂർ ഉളിക്കൽ റോഡിൽ കുഞ്ഞിപ്പറമ്പിലുള്ള മിനി ഗുണാ കേവ് എന്ന ് നാട്ടുകാർ വിളിക്കുന്ന ഗുഹ വൈറലാവുന്നു. ഓണം റിലീസായെത്തി വൻ വിജയമായ 'ലോക ചാപ്റ്റർ വൺ-ചന്ദ്ര' സിനിമയിലെ നായികയ്ക്ക് സൂപ്പർ പവർ കിട്ടുന്ന ഗുഹയുടെ ചിത്രീകരണത്തോടെയാണ് കുഞ്ഞിപ്പറമ്പിലെ ഗുഹ താരമായി മാറിയത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉൾവശം കാണിക്കുന്നത്. എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ഐതിഹ്യമാല ആസ്പദമാക്കി നിർമിച്ച സിനിമയ്ക്കായി കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കുഞ്ഞിപ്പറന്പിലുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. 15 ദിവസം ഇവിടെ ക്യാന്പ് ചെയ്ത ഷൂട്ടിംഗ് സംഘം മൂന്നു ദിവസം കൊണ്ടാണ് സീൻ പൂർത്തിയാക്കിയത്.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുഞ്ഞിപറമ്പിലെ ഗുഹയുടെ മുൻവശം കഴിഞ്ഞ ജൂലൈ 26ന് കനത്തമഴയിൽ ഇടിഞ്ഞിരുന്നു.
ഇതുകാരണം അതീവ അപകടാവസ്ഥ തരണം ചെയ്താണ് സന്ദർശകർ ഗുഹയിലേക്ക് കടക്കുന്നത്. ഈ സാഹചര്യത്തിൽ സന്ദർശകർക്ക് നിയന്ത്രണമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സഞ്ചാരികൾക്ക് അത്രയൊന്നും പരിചിതമല്ലാതിരുന്ന കുഞ്ഞിപ്പറമ്പ് ഗുഹ സിനിമയുടെ വിജയത്തോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. നേരത്തേ 'കുമാരി' എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. പയ്യാവൂർ സ്വദേശി പി.ഉമ്മറിന്റെ റബർ തോട്ടത്തിലാണ് ഏകദേശം അരകിലോമീറ്ററോളമുള്ള ഗുഹയുള്ളത്.
പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയാണിത്. ശരാശരി അഞ്ചു മുതൽ 15 മീറ്റർ വരെ ഉയരവുമുള്ള ഗുഹയ്ക്ക് ഏകദേശം പത്ത് മീറ്ററാണ് വീതി. ചിലയിടങ്ങളിൽ 15 മീറ്റർ വരെ ഉയരമുള്ള ഗുഹയുടെ ചില ഭാഗങ്ങളിലെ ഉയരം ഒരു മീറ്ററായി ഒതുങ്ങുന്നുമുണ്ട്.
ഒരു മീറ്റർ മാത്രമുള്ള സ്ഥലം കൂടി മുട്ടിലിഴഞ്ഞാണ് കടക്കുക. ഇരുട്ട് മൂടിയ ഗുഹയിലൂടെ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക് നടന്നാൽ മുകളിൽ ഒരുവലിയ ദ്വാരം കാണാം. അതിൽനിന്ന് പ്രകാശം ഉള്ളി ലേക്ക് പതി ക്കുന്നതാണ് ഇവിടുത്തെ ആകർഷമായ കാഴ്ച. ഇൻസ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്ലോഗിലും കുഞ്ഞിപ്പറമ്പ് ഗുഹ ഇടംപിടിച്ചിട്ടുണ്ട്. ഒരു കല്യാണ ആൽബത്തിലും ഗുഹ താരമായി.
സ്ഥലമുടമ വിട്ടുനൽകിയാൽ കവാടത്തിലെ തടസം നീക്കാനും നവീകരിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാനും പയ്യാവൂർ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. കുഞ്ഞിപ്പറന്പ് ഗുഹയെ പ്രദേശവാസികൾ മിനി ഗുണ കേവ് എന്നും പേരിട്ട് വിളിക്കുന്നുണ്ട്. കണ്ണൂർ ടൗണിൽ നിന്ന് 46 കിലോമീറ്ററാണ് കുഞ്ഞിപറന്പ് ഗുഹയിലേക്കുള്ള ദൂരം.
അപകടം ഒഴിവാക്കാനായി രാത്രി ഗുഹ കാണാൻ വരുന്നവർക്ക് നാട്ടുകാർ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.