വോട്ടു വേണോ, റോഡ് വേണം
1591191
Saturday, September 13, 2025 2:10 AM IST
ചെറുപുഴ: കോഴിച്ചാൽ-കുണിയങ്കല്ല്-താബോർ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷകരിക്കുമെന്ന പ്രഖ്യാപനവുമായി നാട്ടുകാർ. 65 വർഷം പഴക്കമുള്ളതും 300 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നതുമായ റോഡ് പൊട്ടിത്തകർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
പയ്യന്നൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളെയും ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളെയും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാസർഗോഡ് ജില്ലയിൽ നിന്നും പരിയാരം, തളിപ്പറന്പ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താനുള്ള പാതയാണിത്. തെരുവുമല, താബോർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകേണ്ട ഏകപാതയും ഇതാണ്. ഇവിടുത്തെ റിസോർട്ടുകളിലുൾപ്പെടെ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും റോഡിന്റെ തകർച്ച ടൂറിസം സാധ്യതകൾക്കു മങ്ങലേൽപ്പിക്കുകയാണ്.
ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മുതൽ ഉദയഗിരി പഞ്ചായത്തിലെ താബോർ വരെ 4.7 കിലോമീറ്ററാണ് റോഡിന്റെ നീളം. ആറുമീറ്റർ വീതിയുള്ള റോഡിന്റെ പലയിടത്തും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു. ഓവുചാലുകളില്ലാത്തതിനാൽ റോഡിലൂടെ വെള്ളമൊഴുകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. വീതി കുറവായതിനാൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
നിലവിലുള്ള അവസ്ഥയിൽ രണ്ടുമാസത്തിനകം റോഡ് പൂർണമായും തകരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥകാരണം വിദ്യാർഥികളാണ് ഏറ്റവും കുടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ കുട്ടികളെയും കൊണ്ട് ജീപ്പ് 16 ട്രിപ്പ് വരെ ഓടുന്നുണ്ട്. 2500 രൂപ മുതൽ 3000 രൂപ വരെയാണ് ഒരു കുട്ടിക്ക് യാത്രാ ചെലവായി വരുന്നത്. ഇത് രക്ഷിതാക്കൾക്ക് വലിയ സാന്പത്തിക ചെലവിനിടയാക്കുന്നുണ്ട്.
വാഹന സൗകര്യത്തിന്റെ കുറവ് കാരണം പല കുടുംബങ്ങളും താബോർ മേഖലയിൽ നിന്നും താഴെ ഭാഗത്ത് വീടുകൾ വാടകയ്ക്കെടുത്ത് മാറുകയാണ്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുതലം മുതൽ എംഎൽഎമാർ, എംപിമാർ തുടങ്ങി മന്ത്രിതലത്തിൽ വരെ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണം ഉൾപ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പി.ജെ. മാത്യു പാഴൂർ, ജയിംസ് അഗസ്റ്റ്യൻ ചെറുതാനിക്കൽ, ദീപു പോൾ കൂട്ടുങ്കൽ, രാധാകൃഷ്ണൻ നായർ കഷ്ണിക്കുന്നേൽ, ജോസ് കൂട്ടുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധ പരിപാടികൾക്ക് തയാറെടുക്കുന്നത്.
എംപി, എംഎൽഎ ഫണ്ടുകൾ
ഉപയോഗപ്പെടുത്തണം
ഒരുപാട് സാധ്യതകളുള്ള ഒരു റോഡാണ് കോഴിച്ചാൽ-കുണിയൻകല്ല്-താബോർ റോഡ്. റോഡ് മെക്കാഡം ടാറിംഗ് നടത്തുകയാണ് വേണ്ടത്. ഇതിനായി എംപി, എംഎൽഎ ഫണ്ടുകൾ വിനിയോഗിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും കരുവഞ്ചാൽ, പരിയാരം തുടങ്ങിയ ആശുപത്രികളിലേയ്ക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. എങ്കിലും അധികൃതരുടെ അവഗണന തുടരുന്നത് ഏറെ പ്രതിഷേധാർഹമാണ്. ഒരു നാടിന്റെ വികസന സ്വപ്നങ്ങളാണ് ഇവിടെ അസ്തമിക്കുന്നത്.
-പി.ജെ. മാത്യു പാഴൂർ (റിട്ട. അധ്യാപകൻ)