അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബിൽ പാർട്ടിയുടെ വിജയം: ജോസ് കെ. മാണി
1591456
Sunday, September 14, 2025 1:52 AM IST
ഇരിട്ടി: ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന നിയമ നിർമാണത്തിലേക്ക് സംസ്ഥാനം കടക്കുന്നത് കേരള കോൺഗ്രസ്-എം പാർട്ടി നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ്-എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബില്ലിന് മന്ത്രിസഭ അനുമതി നൽകിയത് അങ്ങേയറ്റം പ്രശംസനീയവും ജനോപകാരപ്രദവുമായ നടപടിയാണ്. മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗത്തെ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ ജില്ലാ കളക്ടർമാരെ അധികാരപ്പെടുത്തുന്നത് മനുഷ്യ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ വേഗത്തിലാക്കും. നിയമസഭ ഒറ്റക്കെട്ടായി ഈ ബിൽ പാസാക്കണം. അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം കേരളത്തിലെ വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
കർഷകർക്ക് കൃഷിഭൂമിയിൽ കൃഷി ചെയ്യുന്നതിനോ വിളവെടുക്കുന്നതിനോ സാധിക്കാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചേക്കാമെന്ന ഭീതിയിലാണ് വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിലെ ആളുകൾ ജീവിക്കുന്നത്. തൊഴിലിടങ്ങളിലേക്ക് പോകാൻ പലയിടങ്ങളിലും കഴിയുന്നില്ല. കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനാകാത്ത സാഹചര്യമുള്ള സ്ഥലങ്ങളുമുണ്ട്.
വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് തീരുമാനം എടുത്ത് നടപ്പാക്കാൻ കഴിയാത്തത് മൂലം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാമുള്ള പരിഹാരമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കുന്നത്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതികൾ വരുത്തില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവും ജനവിരുദ്ധവുമാണെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റ്യാനിമറ്റം, ജോസ് ചെമ്പേരി, കെ.ടി. സുരേഷ്കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, സി.എം. ജോർജ്, പി.എസ്. ജോസഫ്, സി.ജെ. ജോൺ, മാത്യു പുളിക്കക്കുന്നേൽ, വിപിൻ തോമസ്, ജയിംസ് മരുതാനിക്കാട്ട്, ബിജു പുതുപ്പള്ളി, ജോർജ് മാത്യു, അൽഫോൺസ് കളപ്പുര, അമൽ ജോയി കൊന്നയ്ക്കൽ, റെജി മേച്ചേരിക്കുന്നേൽ, ജയ്സൺ ജീരകശേരി, നോബിസ് ചെരിപുറം, എ.കെ. രാജു, ഡോ. ത്രേസ്യാമ്മ കൊങ്ങോല, ഷോണി അറയ്ക്കൽ, ജെസി മോൾ വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.