സീഡ് ബോൾ നിർമിച്ച് പേരട്ട സെന്റ് ജോസഫ് സ്കൂൾ വേൾഡ് റിക്കാർഡ് നേട്ടത്തിൽ
1590954
Friday, September 12, 2025 1:44 AM IST
ഇരിട്ടി: വന്യമൃഗങ്ങൾക്ക് കാട്ടിനകത്ത് ഭക്ഷണമുറപ്പാക്കുന്നതിനുള്ള പദ്ധതിക്കായുള്ള സീഡ് ബോൾ നിർമാണത്തിൽ വേൾഡ് റിക്കാർഡ് നേട്ടവുമായി പേരട്ട സെന്റ് ജോസഫ്സ് സ്കൂൾ. സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ആനെസിയുടെ വിശാഖപട്ടണം പ്രോവിൻസിന്റെ 375ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിലാണ് പേരട്ട സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികൾ ഈ നേട്ടം കൈവരിച്ചത്.
സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ആനെസിയുടെ കീഴിലുള്ള സ്കൂളുകൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 15 സ്കൂളുകളാണ് വേൾഡ് റിക്കാർഡ് നേട്ടത്തിനായി മത്സരിച്ചത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കുമപ്പുറം പ്രകൃതിയെ സ്നേഹിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മത്സരങ്ങൾ ഒരുക്കിയത്. കളിമണ്ണും മണ്ണും വെള്ളത്തിൽ കുഴച്ച് ഉണ്ടാക്കുന്ന മൺ ബോളുകൾക്കുള്ളിൽ ഫലൃക്ഷത്തിന്റെ വിത്ത് നിക്ഷേപിച്ചാണ് സീഡ് ബോളുകൾ നിർമിക്കുന്നത്. ഇത്തരത്തിലുള്ള 20010 സീഡ് ബോളുകളാണ് കുട്ടികൾ തയാറാക്കിയത്. 15 സ്കൂളുകളിൽ നിന്നായുള്ള വിദ്യാർഥികൾ ഒരു മണിക്കൂറിനുള്ളിൽ ആകെ 11,90796 ബോളുകളാണ് നിർമിച്ചത് .
സൂം മീറ്റിംഗിലൂടെയായിരുന്നു മത്സരം. ഒരു മണിക്കൂറായിരുന്നു മത്സര സമയം. മത്സരത്തിൽ സ്കൂളിലെ 173 വിദ്യാർഥികൾ ചേർന്നാണ് നിശ്ചിത സമയത്തിനകം 20010 സീഡ് ബോളുകൾ നിർമിച്ചത്. വനംവകുപ്പുമായി ആലോചിച്ച് വിദ്യാർഥികൾ നിർമിച്ച സീഡ് ബോളുകൾ കാട്ടിൽ നിക്ഷേപിക്കും.
മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യു, ഉളിക്കൽ പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ ബിജു വെങ്ങലപ്പള്ളി എന്നിവർ പ്രസംഗിച്ചു. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളിന്റെ നേട്ടത്തിനു കാരണമായത്.