മാലിപ്പറമ്പിൽ പുരസ്കാരം ഫാ.ആന്റണി തെക്കേമുറിയിലിന്
1590955
Friday, September 12, 2025 1:44 AM IST
ആലക്കോട്: "ദൈവം തന്ന അംഗീകാരമാണിത്. നാലു പതിറ്റാണ്ടായുള്ള വൈദിക ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും മനസിന് ഇത്രയധികം സംതൃപ്തി തന്ന അംഗീകാരം മറ്റൊന്നില്ല, അതും കുട്ടികളുടെ സംഘടനയെ നയിച്ചതിന്റെ പേരിലുള്ള അവാർഡ് ആകുന്പോൾ അതിനെ ഇരട്ടി അംഗീകാരമായാണ് കാണുന്നത്.കുട്ടികളോടുകൂടെ ആയിരിക്കുക, കുഞ്ഞുങ്ങളിൽ ഒരാളായിരിക്കുക എന്നത് ഏറെ സംതൃപ്തിയുള്ള കാര്യമാണ്..' ചെറുപുഷ്പ മിഷൻലീഗിന്റെ പ്രഥമ ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ സ്മരണാർത്ഥം സംസ്ഥാന കമ്മിറ്റി നൽകുന്ന മാലിപ്പറന്പിൽ പുരസ്കാരത്തിന് അർഹനായ ഫാ. ആന്റണി തെക്കേമുറിയിൽ "ദീപിക'യോട് പറഞ്ഞു.
തലശേരി അതിരൂപതയിലെ മുതിർന്ന വൈദികനായ ഫാ. ആന്റണി തെക്കേമുറിയിൽ 37 വർഷമായി വിവിധതലങ്ങളിൽ ചെറുപുഷ്പ മിഷൻലീഗിനെ നയിക്കുകയാണ്. മിഷൻലീഗിന്റെ ശാഖ ഡയറക്ടറിൽ തുടങ്ങി മേഖല, അതിരൂപത, സംസ്ഥാന, ദേശീയ ഡയറക്ടർ, പ്രഥമ ഇന്റർനാഷണൽ ഡയറക്ടർ വരെയുള്ള പദവികൾ വഹിച്ചിട്ടുണ്ട്. നാലു വർഷമായി സിഎംഎൽ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗമാണ്.
1978ല് തോമാപുരം ഫൊറോന ഡയറക്ടറായി പ്രവർത്തനമാരംഭിച്ച ഫാ. ആന്റണി തെക്കേമുറിയിൽ 18 ഇടവകകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. നിരവധി പള്ളികളും കുരിശുപള്ളികളും സ്കൂൾ, കോളജ്, സെമിത്തേരികൾ എന്നിവയടക്കമുള്ള നിർമണങ്ങൾക്ക് നേതൃത്വം നൽകി. മിഷൻലീഗിന്റെ പ്രവർത്തന മേഖലകളിൽ തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിനൊപ്പം സെമിനാരികളിലും സന്യാസിഭവനങ്ങളിലും ക്ലാസുകളുമെടുക്കാറുണ്ട്. വിദേശരാജ്യങ്ങളിലടക്കം ക്ലാസുകൾ നയിച്ചിട്ടുണ്ട്.
നേതൃത്വപാടവത്തിനൊപ്പം മികച്ച സംഘാടകനുമായ ആന്റണിയച്ചൻ സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്. അതിരൂപതാ മതബോധന അസിസ്റ്റന്റ് ഡയറക്ടർ, ക്യൂരിയ റോട്ടറി, ദൈവവിളി ഡയറക്ടർ, പരിശുദ്ധാത്മാവ് വർഷ ഡയറക്ടർ, പാസ്റ്റർ കൗൺസിൽ അംഗം എന്നീ നിലകളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്തി. ഇപ്പോൾ രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയാണ്.