വൈദിക സൗഹൃദ ടൂർണമെന്റിന് ഇന്ന് ചെന്പേരിയിൽ തുടക്കമാകും
1591203
Saturday, September 13, 2025 2:10 AM IST
ചെന്പേരി: തലശേരി അതിരൂപതയിലെ വൈദിക സൗഹൃദ ടൂർണമെന്റിന് ഇന്ന് ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ തുടക്കമാകും. ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്. വോളിബോൾ, ഷട്ടിൽ ടൂർണമെന്റുകൾ (ഡബിൾസ്) ഒക്ടോബർ 20ന് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണു മത്സരങ്ങൾ.
തലശേരി അതിരൂപതയെ നാലു റീജണുകളിലായി തിരിച്ചാണ് മത്സരം നടത്തുന്നത്. ഇരിട്ടി, ചെറുപുഴ, ചെന്പേരി, കാസർഗോഡ് എന്നിങ്ങനെയാണ് റീജണുകൾ. ഓരോ റീജണിന്റെ കീഴിലും നാലോ, അഞ്ചോ ഫൊറോനകൾ ഉണ്ടായിരിക്കും. ഇന്നുരാവിലെ 10.15 ന് നടക്കുന്ന ബാസ്കറ്റ്ബോൾ മത്സരം പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേലും 11.30 ന് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് വികാരി ജനറാൾ മോൺ. മാത്യു എളംതുരുത്തിപ്പടവിലും ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവ ഹിക്കും.
ബാസ്കറ്റ്ബോൾ മത്സരത്തിൽ ഇരിട്ടി-ചെറുപുഴ റീജണുകളും കാസർഗോഡ്-ചെന്പേരി റീജണുകളും ഏറ്റുമുട്ടും.
ക്രിക്കറ്റ് ടൂർണമെന്റിൽ ഇരിട്ടി-ചെറുപുഴ റീജണുകളും കാസർഗോഡ്-ചെന്പേരി റീജണുകളും ഏറ്റുമുട്ടും. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട് എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും.
റീജണുകളും ഫൊറോനകളും
ഇരിട്ടി (കോ-ഓർഡിനേറ്റർ ഫാ. മാത്യു ശാസ്താംപടവിൽ): പേരാവൂർ, എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്.
ചെന്പേരി: (കോ-ഓർഡിനേറ്റർ ഫാ. മാത്യു ഓലിക്കൽ): പൈസക്കരി, ചെന്പേരി, വായാട്ടുപറന്പ്, ചെന്പന്തൊട്ടി.
ചെറുപുഴ: (കോ-ഓർഡിനേറ്റർ ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ): തളിപ്പറന്പ്, ആലക്കോട്, മേരിഗിരി, ചെറുപുഴ.
കാസർഗോഡ്: (കോ-ഓർഡിനേറ്റർ ഫാ. ജോസഫ് കാഞ്ഞിരത്തിങ്കൽ):തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർഗോഡ്.
സൗഹൃദോത്സവം കൂട്ടായ്മ വളർത്താൻ
സഹായിക്കും: മാർ ജോസഫ് പാംപ്ലാനി
വൈദികരുടെ കൂട്ടായ്മയും ഒരു മനസോടെയുള്ള പ്രവർത്തനവുമാണ് ഏതൊരു രൂപതയുടെയും വളർച്ചയ്ക്കു പിന്നിലുള്ള ചാലകശക്തി. തലശേരി അതിരൂപത ഇക്കാര്യത്തിൽ ഏറെ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. വൈദികരുടെ കൂട്ടായ്മ വളർത്തുന്നതിനും പരസ്പര സഹകരണത്തിന്റെ പാതകൾ നവീകരിക്കുന്നതിനുമായാണ് സൗഹൃദോത്സവം സംഘടിപ്പിക്കുന്നത്. കലാ-കായിക രംഗങ്ങളിൽ വൈദികരുടെ കഴിവുകൾ പ്രകടമാക്കുന്ന ഒരു കൂട്ടായ്മയാണ് സൗഹൃദോത്സവം.