ഭ്രാന്തൻ കുറുക്കൻ-തെരുവുനായ ഭീതിയിൽ ഉളിക്കൽ; ഒരാൾക്ക് നായയുടെ കടിയേറ്റു
1591458
Sunday, September 14, 2025 1:52 AM IST
ഉളിക്കൽ: ഭ്രാന്തൻ കുറുക്കൻ, തെരുവുനായ ഭീഷണിയിൽ ഉളിക്കൽ ടൗണും പരിസര പ്രദേശങ്ങളും. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹോട്ടൽ തൊഴിലാളിയെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഉളിക്കൽ സ്വദേശി ഷണ്മുഖനാണ് (74) കടിയേറ്റത്.
ഷണ്മുഖനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ വളർത്തു മൃഗങ്ങളെ കടിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇത് രണ്ടാം ദിവസമാണ് ഭ്രാന്തൻ കുറുക്കനും തെരുവുനായയും മേഖലയിൽ ഭീഷണി തീർക്കുന്നത്.
ഭ്രാന്തൻ കുറുക്കനും തെരുവുനായ്ക്കളും പുലർച്ചെ ജോലിക്ക് ഇറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികൾക്കും രാവിലെ മദ്രസയിൽ ഉൾപ്പെടെ പോകുന്ന വിദ്യാർഥികൾക്കും കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടത്തിന്റ ഭാഗത്തായാണ് തെരുവുനായകൾ പകൽ തന്പടിക്കുന്നത്. രാത്രിയാകുന്നതോടെ ഇവ കൂട്ടത്തോടെ ഇറങ്ങുകയും അക്രമണോത്സുകത പ്രകടിപ്പിക്കുകയുമാണ്.
തെരുവുനായകൾക്ക് ഒരാൾ ഭക്ഷണമെത്തിച്ച് നൽകി വരുന്നുണ്ട്. ഇയാളുടെ വീട്ടുപരിസരത്തും നിരവധി നായകളാണ് തന്പടിക്കുന്നത്. ഈ നായകൾ തന്നെയാണ് പലപ്പോഴും അക്രമാസക്തമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.