ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന് രൂക്ഷ വിമർശനം
1591199
Saturday, September 13, 2025 2:10 AM IST
ഇരിട്ടി: തലശേരി-വളവുപ്പാറ കെഎസ്ടിപി റോഡിലെ സോളാർ ലൈറ്റുകൾ അപകടാവസ്ഥയിലായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പിനെതിരേ താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. പൊതുഖജനാവിൽ നിന്ന്10 കോടി രൂപ ചെലവഴിച്ചൊരുക്കിയ സംവിധാനം ഒരുവർഷത്തിനകം പ്രവർത്തനരഹിതമായിട്ടും കരാറുകാരന് ഒരു നോട്ടീസ് പോലും നല്കാൻ കഴിഞ്ഞില്ലെന്ന് അംഗങ്ങൾ ആരോപിച്ചു.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധി തോമസ് വർഗീസാണ് പ്രശ്നം ഉന്നയി ച്ചത്. മറ്റ് അംഗങ്ങളും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി. എന്നാൽ, റോഡ് നവീകരണം പൂർത്തിയാക്കി പൊതുമരാമത്തെ വകുപ്പിന് കൈമാറിയെന്നും പറഞ്ഞ് തടിയൂരാനായിരുന്നു കെഎസ്ടിപി പ്രതിനിധിയുടെ ശ്രമം. അപകടാവസ്ഥയിലായ മുഴുവൻ സോളാർ ലൈറ്റുകളുടെ ബാറ്ററികൾ അഴിച്ചു മാറ്റുമെന്നും അടുത്ത താലൂക്ക് വികസന സമിതി യോഗത്തിൽ ലൈറ്റുകളുടെ വിവരങ്ങൾ യോഗത്തെ അറിയിക്കാമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞത്.
ആറളത്തെ ആനമതിൽ നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പ്രവൃത്തി കരാറുകാന് കൈമാറാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കീഴ്പള്ളി റോഡിലെ അപകടാവസ്ഥയിലായ കലുങ്കുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
തില്ലങ്കേരി പഞ്ചായത്തിന് മുന്നിലെ റവന്യൂവകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് വാഹന പാർക്കിംഗി നുള്ള സൗകര്യം ഒരുക്കി തരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ആവശ്യപ്പെട്ടു. മലയോര ഹൈവേയിൽ പല റീച്ചുകളിലായി പൂർത്തിയാകാതെ കിടക്കുന്ന റോഡിന്റെ നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
യോഗം വഴിപാടെന്ന്
താലൂക്ക് വികസന സമിതി യോഗം വഴിപാടായി മാറുന്നുവെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നില്ല. യോഗത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ പോലും നടപ്പാക്കുന്നതുമില്ല. താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ എത്താത്തതും തിരിച്ചടിയാണെന്നും നേതാക്കൾ പറഞ്ഞു.