ഭീതിവിതച്ച ഭ്രാന്തൻ കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു
1591198
Saturday, September 13, 2025 2:10 AM IST
ഉളിക്കൽ: വയത്തൂർ മേഖലയിൽ ഭീതി പരത്തിയ ഭ്രാന്തൻ കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു. മേഖലയിൽ ഭീതിവിതച്ച കുറുക്കനായി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും പഞ്ചായത്തിലെ മൂന്ന് ഷൂട്ടർമാരും ചേർന്ന സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തെരച്ചിലിൽ വൈകുന്നേരം ആറോടെ റബർ നഴ്സറിക്ക് പിൻവശത്തെ കുറ്റികാട്ടിൽ നിന്ന് കുറുക്കനെ തല്ലികൊല്ലുകയായിരുന്നു.
മേഖലയിൽ ഭീതിവിതച്ച ഭ്രാന്തൻ കുറുക്കൻ ഇന്നലെ പുലർച്ചെയും പകലുമായി പ്രദേശത്തെ വീടുകളിലെ വളർത്തുമൃഗങ്ങളെയും റബർ നഴ്സറി തൊഴിലാളി കാവുങ്കൽ അന്നമ്മയെയും കടിച്ച് പരിക്കേല്പിച്ചിരുന്നു. പി.എസ്. രാജൻ, തളാപ്പേൽ കോറോത്ത് രവീന്ദ്രൻ എന്നിവരുടെ വീടുകളിലെ വളർത്തു പട്ടികളെയും ആക്രമിച്ചു. റബർ നഴ്സറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അന്നമ്മയ്ക്ക് കടിയേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഭീതി പടർന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപാത്ത്, പഞ്ചായത്തംഗം രതീഭായി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കന്മാരും സ്ഥലത്തെത്തി.
രാവിലെ മുതൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കുറുക്കനെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
കുറച്ചുകാലമായി കുറുക്കന്മാരുടെ എണ്ണം മേഖലയിൽ വ്യാപകമായി വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.