പീപ്പിള്‍സ് മിഷന് പുസ്തകവണ്ടിയെ സ്വീകരിച്ചു
1590943
Friday, September 12, 2025 1:43 AM IST
കണ്ണൂർ: എല്ലാ വാര്‍ഡിലും വായനശാല എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് മിഷന് പ്രസാധകരായ പാന്‍ മക്മില്ലന് സംഭാവന ചെയ്ത പുസ്തകങ്ങളുടെ ശേഖരം കണ്ണൂരിലെത്തി. ജില്ലയി ലുടനീളമുള്ള പൊതു, കമ്യൂണിറ്റി ലൈബ്രറികള്‍ക്കായി വരുംദിവസങ്ങളില്‍ ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യും.
ജില്ലയില്‍ പുതിയതായി തുടങ്ങുന്ന എല്ലാ വായശാലകള്ക്കും പതിനായിരം മുതല്‍ 25,000 രൂപ വരെ വിലവരുന്ന പുസ്തകങ്ങളാണ് മിഷന് നല്‍കുന്നത്. വായനശാലയുടെ ഔപചാരിക ഉദ്ഘാടനം നടത്തിയതിന്റെ നോട്ടീസ് സഹിതം മിഷന് ഓഫീസില്‍ പുസ്തകത്തിനായി അപേക്ഷി ക്കണം. ഡല്‍ഹിയില്‍ നിന്ന് അയച്ച പുസ്തകങ്ങള്‍ വ്യാഴാഴ്ച്ച രാവിലെയോടെയാണ് കണ്ണൂരിലെത്തിയത്.
ഡോ. വി. ശിവദാസന്‍ എംപി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സംസ്ഥാന യുവജന കമ്മീഷന് ചെയര്‍മന്‍ എം. ഷാജര്‍, കെ.കെ. പവിത്രന്, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എല്ലാ വാര്‍ഡിലും വായനശാലകളെന്ന സംരംഭത്തിന് പിന്തുണയായി പുസ്തകകെട്ടുകള്‍ സൗജന്യമായി ചുമട്ടു തൊഴിലാളികള്‍ ഇറക്കികൊടുത്തു. കണ്ണൂര്‍ ജില്ലയുടെ സമ്പൂര്‍ണ വായനശാല പ്രഖ്യാപനത്തിനുള്ള സംഘാടക സമിതിയോഗം 27ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ഒ ക്ടോബര് രണ്ടിന് പി. സായ്നാഥ് ജില്ലയിലെ വായനശാലകളിലൂടെ യാത്രയും സംഘടിപ്പിക്കുന്നുണ്ട്.