80 ലേക്ക് കുതിച്ച് ഞാലിപ്പൂവൻ
1591459
Sunday, September 14, 2025 1:52 AM IST
കേളകം: ഞാലിപ്പൂവൻ പഴത്തിന്റെ വില നേന്ത്രൻ പഴത്തിനെ കടത്തിവെട്ടി മുന്പിലെത്തി. കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റ് വില. ടൗണിൽ 100 രൂപയിലേക്ക് എത്തുകയാണ്. എന്നാൽ, കൂടുതൽ വില നൽകിയാലും നാട്ടിൽ വിളയിച്ച ഞാലിപ്പൂവൻ കിട്ടാനുമില്ല. കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം കാരണം മലയോരത്ത് കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഞാലിപ്പൂവൻ പഴം പ്രധാനമായും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത കച്ചവട വില 65 മുതൽ 70 രൂപ വരെയാണ്.
ഒരുകാലത്ത് വ്യാപകമായി ഞാലിപ്പൂവൻ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോൾ നന്നേ കുറവാണ്. വന്യമൃഗ ശല്യമാണ് പ്രധാന കാരണം കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്.
നേന്ത്രപഴത്തിന് കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് വില. എന്നാൽ, കർണാടകത്തിൽ നിന്നും വയനാട്ടിൽ നിന്നും നേന്ത്രക്കുല വ്യാപകമായി എത്തുന്നതിനാൽ നാടൻ കുലയ്ക്ക് വേണ്ടത്ര ഡിമാൻഡ് ഇല്ലെന്ന് കർഷകർ പറയുന്നു.
40 മുതൽ 50 രൂപ വരെ നിരക്കിൽ കർണാടകത്തിൽ നിന്നും വയനാട്ടിൽ നിന്നും നേന്ത്രക്കുല യഥേഷ്ടം കേരളത്തിലേക്ക് എത്തുന്നുണ്ട്.