ആശ്വാസ് വാടകവീട് പദ്ധതിയുടെ പണി നിലച്ചു
1460640
Friday, October 11, 2024 7:49 AM IST
പരിയാരം: ആശ്വാസ് ഭവനപദ്ധതി പ്രകാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിര്‍മിക്കുന്ന ആശ്വാസ് വാടകവീട് പദ്ധതി പാതിവഴിയിൽ നിലച്ചു. കരാറുകാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പണി നിലച്ചത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസ സൗകര്യമെന്ന ലക്ഷ്യത്തോടെയാണ് പരിയാരത്തും ആശ്വാസ് പദ്ധതിയിൽ വീട് നിർമാണം ആരംഭിച്ചത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡാണ് ആറ് കോടി രൂപ ചെലവില്‍ പദ്ധതി ആരംഭിച്ചത്. 2022 ഏപ്രില്‍ 18 ന് ഭവനിനിർമാണ മന്ത്രി കെ.രാജനാണ് തറക്കല്ലിട്ടത്.
2024 ഓഗസ്റ്റ്-31 ന് നിർമാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ ചട്ടക്കൂട് മാത്രമേ ഇതേവരെ പൂർത്തിയായിട്ടുള്ളൂ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാന്പസിൽ 106 പേര്‍ക്ക് ഒരേസമയം താമസിക്കാന്‍ കഴിയുന്ന മൂന്ന് നില കെട്ടിടമാണ് പദ്ധതിയിലുള്ളത്.
മെഡിക്കല്‍ കോളജ് വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. താഴത്തെ നിലയില്‍ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും എട്ട് കിടക്കകളുള്ള ഡോര്‍മെറ്ററി, ഒന്നാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും 64 കിടക്കകളുള്ള ഡോര്‍മെറ്റി, രണ്ടാം നിലയില്‍ 12 മുറികൾ, കൂടാതെ കഫ്റേറ്റേരിയ എന്നിവയടക്കമുള്ളതാണ് പ്ലാൻ. മെഡിക്കല്‍ കോളജും സംസ്ഥാന ഭവന നിർമാണ ബോര്‍ഡും സംയുക്തമായാണ് നടത്തിപ്പ് ചുമതല നിര്‍വഹിക്കുക. ഇനി പണി എത്രയും പെട്ടെന്ന് പുനരാരംഭിച്ചാൽ തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ പൂർത്തികരിക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് ഭവന നിർമാണ ബോർഡ് അധികൃതർ വ്യക്തമാക്കിയത്.