തളിപ്പറമ്പ് സൂ സഫാരി പാര്ക്ക്: വിദഗ്ധസമിതി രൂപീകരിച്ചു
1599003
Sunday, October 12, 2025 1:33 AM IST
കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിൽ സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധസമിതി രൂപീകരിച്ചു. മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയും എം.വി. ഗോവിന്ദൻ എംഎൽഎയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു ഏബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ.
ജനുവരി അവസാനത്തോടെ വിശദ ഡിപിആർ സമർപ്പിക്കും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും.
തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക. ഡിപിആർ തയാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ ബജറ്റിൽ അനുവദിച്ചിരുന്നു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്.
മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകർഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാന്റേഷനുമുണ്ടാകും. പ്രകൃതിയെ അതേപടി നിലനിർത്തി സ്വാഭാവിക വനവത്കരണം നടത്തിയാകും രൂപകല്പന.
മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണു സംസ്ഥാനത്ത് പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുമുണ്ട്. സൂ സഫാരി പാർക്കിലേക്കുള്ള മൃഗങ്ങളെയും അപൂർവ ജീവികളെയും തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.
മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റ സംവിധാനത്തിലൂടെ രാജ്യത്തെ ഇതര മൃഗശാലകളിൽ നിന്ന് എത്തിക്കും. സ്വാഭാവികമായ പ്രകൃതിദത്ത പശ്ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈര്യവിഹാരം നടത്താനാവും വിധമായിരിക്കും പാർക്കിന്റെ പ്രവർത്തനം.