തലശേരി മട്ടാന്പ്രം പള്ളിയിലും ചിറക്കക്കാവിലും കവർച്ച
1459967
Wednesday, October 9, 2024 7:40 AM IST
തലശേരി: മട്ടാമ്പ്രം ജുമാ മസ്ജിദിലും കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലും കവർച്ച. മട്ടാമ്പ്രം പള്ളിയിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും ചിറക്കക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരവും അലമാരയും തകർത്ത് 8000 രൂപയും കവർന്നു. മട്ടാമ്പ്രം പള്ളിയിൽ സിസിടിവി കാമറ തോർത്തുകൊണ്ട് മൂടിയാണ് കവർച്ച നടത്തിയത്.
മസ്ജിദിന്റെ അകത്തുള്ള മഖാമിനോട് ചേർന്നുള്ള ഭണ്ഡാരത്തിൽ നേർച്ചയായിട്ട ഒരു ലക്ഷത്തോളം രൂപ മോഷണം പോയെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. ചുമരിനോട് ചേർന്ന ഭണ്ഡാരത്തിന്റെ മുഖദ്വാരം കുത്തിത്തുറന്ന് ഉള്ളിലേക്ക് കൈ കടത്തിയാണ് പണം കവർന്നത്. അരോഗദൃഢഗാത്രനായ ഒരാൾ പള്ളിയുടെ പിൻവശത്തൂടെ പള്ളിയിലേക്ക് ധൃതിയിൽ കയറി വരുന്നതിന്റെയും പിന്നീട് നടക്കാൻ വിഷമമുള്ള രീതിയിൽ തിരിച്ചു പോകുന്നതിന്റെയും ദൃശ്യം മറ്റൊരു കാമറയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
രണ്ടു മാസത്തിലൊരിക്കലാണ് ഭണ്ഡാരം തുറന്ന് നേർച്ച പണം വഖഫ് ബോർഡിന്റെ റിസീവറുടെ സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്താറ്. കഴിഞ്ഞ തവണ ഏതാണ്ട് ഒരു ലക്ഷം രൂപയോളം ലഭിച്ചിരുന്നു. ഇത്തവണയും ഭണ്ഡാരം തുറക്കാനുള്ള സമയമായിരുന്നു. ഭാരവാഹികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പുലർച്ചെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ചിറക്കക്കാവ് ക്ഷേത്രത്തിലെ കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര മുറ്റത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് പണം കവരുകയും ക്ഷേത്ര ഓഫീസിന്റെ വാതിൽ തകർത്ത് ഫയലുകൾ വലിച്ചിട്ട നിലയിലുമാണുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി. ഇരു സ്ഥലത്തും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുത്തു.