വ്യാജവാറ്റ് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസ്: വിധി 19ന്
1459786
Tuesday, October 8, 2024 8:28 AM IST
തലശേരി: വീട്ടിൽ വ്യാജമദ്യം നിർമിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 19 ന് വിധി പറയും. പയ്യാവൂർ നേരകത്തന്നാട്ടിയിൽ ഷാരോണിനെ (19) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. ഷാരോണിന്റെ പിതാവ് സജി ജോർജാണ് (45) കേസിലെ പ്രതി.
2020 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മൊബൈൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ഷാരോണിനെ സജി പിന്നിൽനിന്ന് ഒറ്റക്കുത്തിനു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
മകനെ കുത്തി വീഴ്ത്തിയശേഷം കത്തി കഴുകി വസ്ത്രം മാറി ബൈക്കിൽ പുറത്തേക്കുപോകുന്നതിനിടയിൽ "സജിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന്' പ്രതി പറഞ്ഞതായും പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിന്റെ സഹോദരൻ ഷാർലറ്റ് ഉൾപ്പെടെ 31 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. പിതാവിനെതിരേ ഷാർലറ്റ് മൊഴി നൽകിയിരുന്നു. 43 രേഖകളും ഹാജരാക്കിയിരുന്നു. ഷാർലറ്റിന്റെ അമ്മ ഇറ്റലിയിലാണ്.
സജിയും മക്കളുമാണു വീട്ടിൽ താമസിച്ചിരുന്നത്. കടുത്ത മദ്യപാനിയായ സജി വീട്ടിൽ വ്യാജവാറ്റ് നടത്തിയിരുന്നു. ഇതിനെ ഷാരോൺ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്കുമാർ ഹാജരായി.