കെൽട്രോൺ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃക: മുഖ്യമന്ത്രി
1458497
Wednesday, October 2, 2024 8:36 AM IST
കണ്ണൂർ: 1974ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
\
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നത് എന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കേരളത്തിന് ഇതുപോലെ ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ഐടി പാർക്ക് കേരളത്തിലാണ്. രാജ്യത്തിലെ ആദ്യത്തെ ഗ്രാഫീൻ കേന്ദ്രം, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. കേരളത്തിലാണ് രാജ്യത്തിലെ പ്രഥമ ജെൻ എഐ കോൺക്ലേവ് നടന്നത്. സൂപ്പർ കപ്പാസിറ്റർ നിർമാണ പദ്ധതിയിൽ കെൽട്രോണുമായി സഹകരിച്ച ഐഎസ്ആർഒക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമാണ കേന്ദ്രം ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെൽട്രോൺ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർച്ചയിലേക്ക് നയിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ നാടിനെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കുകയും ഉത്പാദന ഉപാധികൾ നവീകരിക്കുകയും വേണം. അതിനെല്ലാം സഹായകമാവും വിധത്തിൽ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്ട്രോണിക്സ് മേഖലയിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
സൂപ്പർ കപ്പാസിറ്റർ നിർമാണ പ്ലാന്റിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാന്റിന്റെ പ്രവർത്തനം നോക്കിക്കണ്ടു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഇ.പി. ജയരാജൻ വിശിഷ്ടാതിഥിയായി.
എം. വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെസിസിഎൽ എംഡി കെ. ജി. കൃഷ്ണകുമാർ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷ്, സ്പാറ്റോ മേഖല സെക്രട്ടറി വിനോദൻ പൃത്തിയിൽ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ യൂണിറ്റ് സെക്രട്ടറി കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.