ക്വാർട്ടേഴ്സിന്റെ വാതിൽ തകർത്ത് മോഷണം
1454816
Saturday, September 21, 2024 2:04 AM IST
വളപട്ടണം: ചിറക്കലിൽ വാടക ക്വാർട്ടേഴ്സിന്റെ പുറകിലെ വാതിൽ തകർത്ത് മോഷണം. കിടപ്പുമുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച ഏഴേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 3000 രൂപയും കള്ളൻ കവർന്നു. വ്യാഴാഴ്ച രാവിലെ 8.30 നും 5.15 നും ഇടയിലാണ് സംഭവം. സി.പി. ഷീബയുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.
പരാതിക്കാരിയും ഭർത്താവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർപുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ ഇരുമ്പു മേശയുടെ വലിപ്പ് കുത്തിതുറന്നാണ് മോഷണം നടന്നത്.
രണ്ടു പവന്റെ വള, അഞ്ചു പവന്റെ ഒരു മാല, നാലു ഗ്രാമിന്റെ ലോക്കറ്റ്, രണ്ട് ഗ്രാമിന്റെ ഉറുക്ക് എന്നിവയാണ് മോഷണം പോയത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.