നായനാർമല ക്വാറി; പോരാട്ടം പൂട്ടുംവരെ..
1454806
Saturday, September 21, 2024 2:04 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭയിലെ ചെന്പന്തൊട്ടി കോറങ്ങോട്ടെ നായനാർമല ക്വാറിയ്ക്കെതിരെയുള്ള ജനങ്ങളുടെ പോരാട്ടം പുതിയ തലങ്ങളിലേക്ക്. സമുദ്രനിരപ്പിൽനിന്ന് മൂവായിരം അടി ഉയരത്തിൽ പ്രദേശവാസികൾക്ക് അപകട ഭീഷണിയായി സ്ഥിതി ചെയ്യുന്ന നായനാർമല(ഞണ്ണമല) ക്വാറി അടച്ചുപൂട്ടിയേ തങ്ങൾക്ക് ഉറങ്ങാനാവൂ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് നാട്ടുകാർ. സമരമുഖങ്ങൾ പലതു പിന്നിട്ടെങ്കിലും അന്തിമതീരുമാനമാകാത്തിൽ പ്രതിഷേധം കനക്കുകയാണ്.
എങ്കിലും കരിങ്കൽ ക്വാറിയുടെ അനുമതി പിൻവലിച്ച് പ്രവർത്തനം പൂർണമായി നിരോധിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെമ്പന്തൊട്ടി ഗ്രാമവും തദ്ദേശവാസികളും. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറ പൊട്ടിച്ചെടുത്തതിനാൽ രണ്ടായിരം അടിയോളം ഉയരത്തിൽ അവശേഷിക്കുന്ന ഭാഗത്തെ മണ്ണും കല്ലും ഏതു സമയത്തും വീഴാവുന്ന അപകടാവസ്ഥയിലാണ്. ക്വാറിയുടെ താഴെ ഭാഗത്ത് കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്.
കഴിഞ്ഞ 30 വർഷമായി നായനാർമലയിലെ ഈ ക്വാറി ബഞ്ച് അടിക്കാതെ ആയിരം അടി കുത്തനെയാണ് ഖനനം നടത്തുന്നത്. 45 ശതമാനത്തിൽ കൂടുതൽ ചെരിവുള്ള സ്ഥലത്ത് ഖനനത്തിന് അനുമതി കൊടുക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കുമ്പോഴാണ് 60 ശതമാനത്തിലധികം ചെരിവുള്ള ഈ സ്ഥലത്ത് ക്വാറിക്ക് അനുമതി നല്കിയത്. അനുമതി ആരു നല്കി എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
ജൂൺ, ജൂലൈ മാസത്തെ പെരുമഴയിൽ ക്വാറികളിലേയും ക്രഷറിലേയും വലിയ കല്ലുകളും മണ്ണും പൊടിയും പുഴപോലെ താഴെക്കൊഴുകിയപ്പോഴാണ് മേപ്പാടിയും ചൂരൽമലയും ദുരന്തമായി എത്തിയത്. അടിവാരത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങൾ ഭയത്തിലാണ് ഇപ്പോഴും കഴിയുന്നത്. ഏത് നിമിഷവും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്വാറ സ്ഥിതി ചെയ്യുന്നത്.
പ്രതിഷേധം ചെറിയ തരത്തിൽ നിന്ന് വലിയ രൂപത്തിലേക്ക് മാറിയപ്പോൾ ഒരു നാടാതെ ഒന്നിക്കുക യായിരുന്നു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യരക്ഷാധികാരിയായും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും ഉൾപ്പെട്ട 101 അംഗ ജനകീയ കമ്മറ്റി രൂപീകരിച്ചതോടെ ഒപ്പം നിൽക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും രംഗത്തുവന്നു.
ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കൾ, വില്ലേജ് ഓഫീസർ, ആർഡിഒ, ജിയോളജി, നഗരസഭ അധികാരികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നിയമ ലംഘനം ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജിയോളജിയുടെ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ട്. ജനകീയ കമ്മറ്റിയിലെ 5000 പേർ ഒപ്പിട്ട നിവേദനം കളക്ടർക്കും ജിയോളജി അധികൃതർക്കും നല്കിയിരുന്നു.
ഏറ്റവും ഒടുവിലായി നഗരസഭ സെക്രട്ടറി ക്വാറി ഉടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ക്വാറി അടച്ചു പൂട്ടുന്നതുവരെ പോരാടാനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനം.മറ്റൊരു ചൂരൽമല ആവർത്തിക്കാതിരിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് കമ്മിറ്റിയും പ്രദേശവാസികളും.