പഴയങ്ങാടി: കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവാ കാർ തെങ്ങിനിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 10 ബിഎഫ് 8784 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണപുരം പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് അബ്ദുൾ ജലീൽ (16), മുഹമ്മദ് (18), റിസ്വാൻ (17), ഹാഫിസ് (17), ഫർസാൻ (18) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിയിലും ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്ലിം (17) എന്നിവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബാറക്കിനെ (18) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.