നടുവിൽ: ഇടവിട്ട് വെയിലും മഴയും കോടമഞ്ഞിനൊപ്പം തണുത്ത കാറ്റും.... പൈതൽമലയിൽ ഏറ്റവും സൗന്ദര്യമുള്ള നാളുകളെത്തിയിരിക്കുകയാണ്. പച്ച പുതച്ച മണ്ണിൽനിന്നും തലയുയർത്തി കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു തുടങ്ങി. കൂട്ടിന് കാറ്റിൽ ആടിയുലഞ്ഞ് ചിറ്റേലപ്പൂക്കളുമുണ്ട്. ഇനി വെയിൽ കടുക്കുംവരെ മലയിൽ പൂക്കാലമാണ്. വർഷത്തിൽ പൂക്കുന്ന കുറിഞ്ഞികൾ, ഓർക്കിഡുകൾ, കാശിത്തുമ്പകൾ എന്നിവയും പൈതലിന്റെ പ്രത്യേകതയാണ്. ഈ വർഷം നല്ല മഴ ലഭിച്ചതിനാൽ പുൽമേടുകൾ സമൃദ്ധമാണ്.
കാട്ടിലെ സുരക്ഷ കൂട്ടി
പൊട്ടൻപ്ലാവ് വഴി പൈതലിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി വനത്തിനു നടുവിൽ പുതിയ രണ്ടു ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. അടുത്തകാലം വരെ ഒരു ഇക്കോ ടൂറിസം വാച്ചർമാത്രമാണുണ്ടായിരുന്നത്. രാവിലെ ഒൻപതിന് മലമുകളിൽ എത്തുന്ന ജീവനക്കാരൻ അന്നത്തെ അവസാനത്തെ സഞ്ചാരി മടങ്ങുന്നതോടെ തിരിച്ചിറങ്ങുകയാണ് ചെയ്യുന്നത്. അതിനിടയിൽ ടിക്കറ്റ് കൗണ്ടറിനും പുൽമേടിനുമിടയിൽ ആനയോ വന്യജീവികളോ ഇറങ്ങിയാൽ അറിയാൻ മാർഗവും ഇല്ല. അതിനാൽ, രാത്രികാലത്തും ഇവിടെ വാച്ചർമാരെ നിയമിക്കണമെന്നാണ് ആവശ്യം.