ഞായറാഴ്ചകളിലെ കലോത്സവം ഒഴിവാക്കണം: കത്തോലിക്ക കോൺഗ്രസ്
1452887
Friday, September 13, 2024 1:30 AM IST
ആലക്കോട്: ജില്ലാ സ്കൂൾ കലോത്സവം ഞായറാഴ്ച കൂടി വരുന്ന ദിവസങ്ങളിലായി നടത്താനുള്ള തീരുമാനം മാറ്റണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കത്തോലിക്ക കോൺഗ്രസ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച ക്രൈസ്തവ വിശ്വാസികൾക്ക് പള്ളിയിൽ പോകേണ്ടതും വിദ്യാർഥികൾക്ക് മതബോധന ക്ലാസുകളിൽ പങ്കെടുക്കേണ്ടതുമാണ്.
ഞായറാഴ്ച കലോത്സവം നടത്തുന്പോൾ ഇക്കാര്യങ്ങളെല്ലാം തകിടം മറിയുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മേഖല പ്രസിഡന്റ ബേബി കോയിക്കൽ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിലെ റോഡുകളുടെ ശോച്യാസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ മെക്കാഡം ടാറിംഗ് നടത്തുക, ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട ആലക്കോട് കാപ്പിമല റോഡ് എത്രയും പെട്ടെന്ന ടെണ്ടർ നടപടി പൂർത്തിയാക്കുക, ചീക്കാട് മൂരിക്കടവ് പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആലക്കോട്ട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, ഫൊറോന ഡയറക്ടർ ഫാ. ജിബിൻ വട്ടംകാട്ടേൽ, അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഐ.സി.മേരി, ബ്രൂസിലി മൂഴിയിൽ എന്നിവർ പ്രസംഗിച്ചു.