ആലക്കോട് ഗതാഗത പരിഷ്കരണം; നാളെ മുതൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറണം
1451718
Sunday, September 8, 2024 7:32 AM IST
ആലക്കോട്: ആലക്കോട് നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി രാവിലെ എട്ടിനും വൈകുന്നേരം ആറിനുമിടയിലുള്ള സമയങ്ങളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളും സ്റ്റാൻഡിൽ കയറ്റണമെന്ന നിബന്ധന നടപ്പാക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലക്കോട് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും വാഹന ഉടമകളുടെയും യോഗത്തിലാണ് ഇതുൾപ്പെടെയുള്ള ഗതാഗതപരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്.
ബസ് സ്റ്റാൻഡ് റോഡിന്റെ ഇരുവശത്തും മറ്റു വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. തളിപ്പറന്പ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കുരിശുപള്ളിക്കു സമീപം നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടത്. ബസുകളെ സ്റ്റോപ്പുകളിൽ അധിക സമയം നിർത്തിയിടാൻ അനുവദിക്കില്ല. ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനങ്ങള്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാവൂ.
കാറുകളും മറ്റുവാഹനങ്ങളും കെഎസ്എഫ്ഇ റോഡിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം. വാഹനവുമായി സാധനം വാങ്ങാനെത്തുന്നവർക്ക് കടയ്ക്കു മുന്നിൽ 20 മിനുട്ട് പാർക്കിംഗേ അനുവദിക്കേണ്ടതുള്ളൂ എന്നും തീരുമാനിച്ചിട്ടുണ്ട്. ഗതാഗത പരിഷ്കരണവുമായി എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് ജോജി കന്നിക്കാട്ട് പറഞ്ഞു.