വയനാടിന് വെളിച്ചമായി മണിപ്പുരി വിദ്യാർഥികൾ; ഒരു ലക്ഷം രൂപ നൽകി
1444695
Wednesday, August 14, 2024 1:42 AM IST
കണ്ണൂർ: വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനായി മണിപ്പുരിൽ നിന്നുള്ള വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിച്ചു. പിന്നീട് വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പുരിലെ പരമ്പരാഗത ആചാരപ്രകാരം മരിച്ചരോടുള്ള ആദരസൂചകമായി മണിപ്പുരി ഷാളും കൈമാറി.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മണിപ്പുരിൽ നിന്നുമുള്ള വിദ്യാർഥികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പരമ്പരാഗത ആചാരപ്രകാരമെത്തി തുക കൈമാറിയത്. ഒരു ലക്ഷം രൂപയാണ് ഇവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഡിഎം കെ. നവീൻ ബാബുവിന് വിദ്യാർഥികൾ തുക കൈമാറി.
എൽഎൽബി വിദ്യാർഥി ഗൗലുങ്കമണിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന മണിപ്പുരി വിദ്യാർഥികളിൽ നിന്നും ശേഖരിച്ച തുകയാണ് സഹായ ധനമായി നൽകിയത്. മണിപ്പുരിൽനിന്നുള്ള അന്പതോളം വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി, പിജി, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകൾ ചെയ്യുന്നുണ്ട്. ഇരുപതോളം വിദ്യാർഥികൾ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. നഫീസ ബേബിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ എത്തിയത്.
യൂണിവേഴ്സിറ്റിയിലെ എൻഎസ്എസ് വിദ്യാർഥികൾ 10 ലക്ഷം രൂപയോളം മുടക്കി ആദ്യഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നല്കിയിരുന്നതായും വയനാട്ടിലെ ദുരന്തബാധിതർക്കായി 25 വീടുകൾ നിർമിച്ചു നൽകുമെന്നും ഡോ. നഫീസ പറഞ്ഞു. എല്ലാ ദിവസവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലുമായി യൂണിവേഴ്സിറ്റിയിലെ 50 എൻഎസ്എസ് അംഗങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.