കുടിയിറക്കൽ നടപടി അവസാനിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി രാജ് മോഹൻ ഉണ്ണിത്താൻ എംപി
1443239
Friday, August 9, 2024 1:55 AM IST
ചെറുപുഴ: മീന്തുള്ളി റവന്യൂ, ആറാട്ട്കടവ് മേഖലകളിൽ കർഷകരെ കുടിയിറക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം തടഞ്ഞുവന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. കുടിയിറക്ക് ഭീഷണിയെപ്പടിയും അതിനായി കർണാടക വനം വകുപ്പ് നൽകിയ നോട്ടീസും ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, കോൺഗ്രസ് ഭാരവാഹി വേണുഗോപാൽ ചെഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം എംപിയെ സന്ദർശിച്ച് ധരിപ്പിച്ചിരുന്നു.
പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാൽ കർഷകരുടെ ഭൂമി സംബന്ധിച്ച മുഴുവൻ വിവരങ്ങളും രേഖകളും ശേഖരിച്ച രാജ് മോഹൻ ഉണ്ണിത്താൻ എംപി ഡൽഹിയിലെത്തി കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖൻഡ്രെയുമായി ഫോണിൽ സംസാരിക്കുകയും എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാൽ ആവശ്യമായ ഇടപെടൽ കർണാടക മുഖ്യമന്ത്രിയുമായി നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുടിയിറക്കൽ നടപടി അവസാനിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 50 വർഷത്തിലധികമായി വീടുവച്ച് താമസിച്ചു വരുന്ന പാവപ്പെട്ട കർഷകരെ ഒരു കാരണവശാലും അവരുടെ പുരയിടത്തിൽ നിന്ന് ഇറക്കിവിടാൻ അനുവദിക്കില്ലെന്നും ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ കർഷകരുടെ കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ച് അവർക്ക് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
എംപി അറിയിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടി ചേർന്ന യോഗത്തിൽ ഡിസിസി അംഗം കെ.കെ. സുരേഷ് കുമാർ, മുൻ ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, പുളിങ്ങോം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വടക്കേൽ, മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് ഉഷ മുരളി , കോൺഗ്രസ് ഭാരവാഹികളായ വേണുഗോപാൽ ചെഞ്ചേരി, ജയിംസ് രാമത്തറ, സുരേന്ദ്രൻ ചുണ്ട, മറിയാമ്മ വർഗീസ്, സെബാസ്റ്റ്യൻ കണ്ടത്തിൽ, ജോസ് തെക്കേൽ, ജായിസ് കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.