നായിക്കാലിയിൽ പുതിയ റോഡ് നിർമിക്കും
1437400
Saturday, July 20, 2024 1:14 AM IST
മട്ടന്നൂർ: നായിക്കാലിയിൽ തകർന്ന റോഡിന് പകരം പുതിയ റോഡ് നിർമിക്കാൻ ശ്രമം തുടങ്ങി. ഇടിഞ്ഞ റോഡിന് സമീപത്തുള്ള നാലുപേരുടെ സ്ഥലം ഏറ്റെടുത്ത് നിലവിലുള്ള റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് പുതിയ റോഡ് നിർമിക്കുക. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചു ചേർത്തത്. നിലവിലുള്ള റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി പുഴക്കരയിൽ നിന്ന് മാറി പുതിയ റോഡ് നിർമിക്കാനാണ് തീരുമാനം.
ജനങ്ങളിൽ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സ്ഥല ഉടമകളെ കണ്ടു സംസാരിച്ച ശേഷം സ്ഥലം വിട്ടു നൽകുമെങ്കിൽ ഉടൻ താത്കാലിക റോഡ് നിർമിക്കും. അപകട ഭീഷണിയിലുള്ള ഒരു വീട് ഉൾപ്പെടെയുള്ള നാല് പേരുടെ സ്ഥലം ഏറ്റെടുക്കാൻ തയാറാണെന്ന് കിഫ്ബി അധികൃതർ അറിയിച്ചു. ഈ സ്ഥലം ലഭിക്കുമെങ്കിൽ വേഗത്തിൽ തന്നെ റോഡ് നിർമാണം ആരംഭിക്കുമെന്ന് ചെയർമാൻ എൻ. ഷാജിത്ത് പറഞ്ഞു.
അധികൃതരുടെ
അനാസ്ഥ: മാർട്ടിൻ ജോർജ്
മട്ടന്നൂർ-മണ്ണൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞ് ഇല്ലാതാകാൻ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തകർന്ന റോഡും പരിസരവും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് തകർന്ന് ഒരു പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിട്ടും സ്ഥലം എംഎൽഎ പ്രദേശം സന്ദർശിച്ചില്ല. അധികൃതരുടെ ഭാഗത്ത് നിന്നും എത്രയും വേഗത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ബദൽ സംവിധാനം
ഒരുക്കണം: ബിജെപി
റോഡ് ഇടിഞ്ഞതിൽ ബദൽ സംവിധാനം എത്രയും വേഗം ഒരുക്കണമെന്ന് ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുതുക്കുടി പറഞ്ഞു. ഇടിഞ്ഞു പുഴയിലേക്ക് പതിച്ച റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ
വീടും സ്ഥലവും ഏറ്റെടുക്കാൻ തീരുമാനം
മട്ടന്നൂർ: റോഡ് നിർമാണത്തിനൊപ്പം അപകട ഭീഷണിയിലായ വീടും സ്ഥലവും കൂടെ എറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പൽ ഓഫീസിൽ പ്രതിഷേധിച്ചു. മുനിസിപ്പൽ ചെയർമാന് പുതിയ റോഡ് നിർമാണവുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നറിഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയത്.
സുരേഷ് മാവില, കെ.വി. ജയചന്ദ്രൻ, പി.വി.ധനലക്ഷ്മി, ഫർസിൻ മജീദ്, വി.കുഞ്ഞിരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് ചെയർമാന്റെ നേതൃത്വത്തിൽ കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥരുമായ ചർച്ച നടത്തി അപകടാവസ്ഥയിലായ വീടും സ്ഥലവും കൂടി റോഡ് നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുക്കാമെന്ന ധാരണയിലെത്തിയത്. മട്ടന്നൂർ എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.