റെയിൽവേ സ്റ്റേഷനുകളിലെ ദുരിതത്തിന് ഉത്തര മലബാറിൽ അറുതിയില്ല
1435583
Saturday, July 13, 2024 1:38 AM IST
ദീപു മറ്റപ്പള്ളി
കണ്ണൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ അഞ്ചു സ്റ്റേഷനുകളും ഇതിന് പുറമേ പുതുച്ചേരിയുടെ ഭാഗമായ മാഹി റെയിൽവേ സ്റ്റേഷനും വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങൾ ഇഴഞ്ഞുനീങ്ങുന്നു.
കണ്ണൂർ ജില്ലയിലെ തലശേരി, കണ്ണൂർ, പയ്യന്നൂർ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാസർഗോഡ് റെയിൽവേ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2024 ജനുവരിയിൽ തന്നെ പദ്ധതികൾ പൂർത്തീകരിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒന്നാംഘട്ടം പോലും പൂർത്തീകരിക്കാൻ മിക്ക സ്റ്റേഷനുകളിലും കഴിഞ്ഞിട്ടില്ല. ഒരു വർഷത്തോളമായി തുടരുന്ന നിർമാണ പ്രവൃത്തികളാണ് ഇഴയുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 31.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ നടപ്പാലം, ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയ്ക്കായി 13.77 കോടി രൂപയും റെയിൽവേ സ്റ്റേഷൻ പരിസരത്തു കൂടുതൽ പാർക്കിംഗ് സൗകര്യം, കിഴക്കേ കവാടത്തിൽ പുതിയ ബുക്കിംഗ് ഓഫിസ് ഉൾപ്പെടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 17.57 കോടി രൂപയുമാണ് അനുവദിച്ചത്.
നിലവിലെ നടപ്പാതയ്ക്കു വീതി കുറവായതിനാൽ ട്രെയിൻ വരുന്ന സമയങ്ങളിൽ നടപ്പാതയിൽ വൻതിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണു വീതി കൂടിയ നടപ്പാലം നിർമിക്കാൻ തീരുമാനിച്ചത്.
കോഴിക്കോട്, തൃശൂർ, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലേതുപോലെ വിമാനത്താവള മാതൃകയിൽ കണ്ണൂർ സ്റ്റേഷൻ വികസിപ്പിക്കുമെന്നായിരുന്നു മുന്‍പ് റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമി സ്വകാര്യഗ്രൂപ്പിനു പാട്ടത്തിനു നൽകിയതോടെയാണു വികസന പദ്ധതി വെട്ടിക്കുറയ്ക്കുകയായിരുന്നു. നിലവിൽ പുതിയ നടപ്പാലം, ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ നിർമാണമാണ് നടന്നുവരുന്നത്.
റെയിൽവേ സ്റ്റേഷന് സമീപമുള്ള ഭാരത് പെട്രോളിയത്തിന്റെ സംസ്കരണശാല ഭീഷണി ഉയർത്തുക മാത്രമല്ല റെയിൽവേയുടെ വികസനത്തിന് തടസമായിരിക്കുകയാണ്. നാല്, അഞ്ച് ട്രാക്കുകൾ നിർമിക്കുന്നതിന് തുക അനുവദിച്ച് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചിട്ട് വർഷം ആറു പിന്നിട്ടു. 6.45 കോടി അന്ന് വകയിരുത്തിയതുമാണ്. ഭാരത് പെട്രോളിയത്തിന്റെ പൈപ് ലൈൻ മാറ്റാത്തതാണ് പദ്ധതിക്ക് തടസം.
തലശേരിയിൽ കഴിഞ്ഞ ഡിസംബറിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞ വികസന പ്രവർത്തനത്തിന്റെ ഒന്നാംഘട്ടംപോലും പൂർത്തിയാക്കിയിട്ടില്ല. 20 കോടിയുടെ സ്റ്റേഷൻ വികസനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ വരുമാനത്തിൽ 36-ാം സ്ഥാനത്തുള്ള തലശേരി 39 കോടിയുടെ വരുമാനം കഴിഞ്ഞ വർഷം നേടിയിരുന്നു.രണ്ട് പ്ലാറ്റ്ഫോമിലും മേൽക്കൂര നിർമാണം പൂർത്തിയാകുകയാണ്. ഒന്നാംപ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും വാഹന പാർക്കിംഗ് സൗകര്യമൊരുക്കാനുള്ള പ്രവൃത്തി നടക്കുന്നുണ്ട്.
മാഹി റെയിൽവേ സ്റ്റേഷനിലെ വികസനവും മന്ദഗതിയിലാണ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലൊരുങ്ങുന്നത് അന്താരാഷ്ട്രനിലവാരത്തിലുള്ള സമഗ്ര വികസനമാണ്. 32.2 കോടി രൂപയാണ് സ്റ്റേഷന്റെ വികസനപ്രവർത്തനത്തിനായി അനുവദിച്ചിരിക്കുന്നത്.പാർക്കിംഗ് സൗകര്യം, ശൗചാലയങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ, വിശ്രമമുറികൾ, വൈഫൈ സേവനം, ഷോപ്പിംഗ് സൗകര്യങ്ങൾ തുടങ്ങി യാത്രക്കാർക്കുവേണ്ട എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്.
റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശത്തു മാത്രമല്ല, കിഴക്കുവശത്തും ടിക്കറ്റ് കൗണ്ടറും പടിഞ്ഞാറ് ഭാഗത്ത് വിശാലമായ ബഹുനില കെട്ടിടത്തിനൊപ്പം ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങളോടെ മേൽപ്പാലങ്ങളും നിലവിലെ സ്റ്റേഷൻ കെട്ടിടം നവീകരണം എന്നിവയാണ് പദ്ധതിയിൽലുൾപ്പെട്ടിരിക്കുന്നത്. ഇതിൽ സ്റ്റേഷന് പുറത്തുള്ള പാർക്കിംഗ് സൗകര്യം 90ശതമാനത്തോളം പൂർത്തിയായി. റോഡിന്റെ നിർമാണവും മേൽക്കൂര നിർമാണവും നടന്നു വരുകയാണ്.
കാസർഗോഡും പദ്ധതികൾ ഇഴയുന്നു
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലും അമൃത് ഭാരത് പദ്ധതികള്‍ മെല്ലെപ്പോക്കിലാണ്. 24.53 കോടിയുടെ നവീകരണ പ്രവൃത്തികളാണ് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുനുള്ളത്. പാര്‍ക്കിംഗ് സംവിധാനത്തിന്റെ പ്രവൃത്തി പകുതിയോളം പൂര്‍ത്തിയായതു മാത്രമാണ് എടുത്തുപറയാനുള്ള നേട്ടം.
റൂഫിംഗ് ജോലികള്‍ 30 ശതമാനത്തോളം പൂര്‍ത്തിയായി. ഇന്റര്‍ലോക്കിംഗ് പ്രവൃത്തിയും ഇഴയുകയാണ്. സിഗ്നല്‍ ആന്‍ഡ് ടെലികോം വിഭാഗത്തിന്റെ കെട്ടിടനിര്‍മാണവും എങ്ങുമെത്തിയില്ല. റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് വികസനം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ജനറേറ്ററിന്റെ അഭാവമാണ് കാസര്‍ഗോഡ് സ്റ്റേഷന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കറണ്ട് പോയാല്‍ ലൈറ്റും ഫാനും ലിഫ്റ്റുമെല്ലാം പ്രവര്‍ത്തരഹിതമാകും. ഭിന്നശേഷിക്കാരാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവുമധികം അനുഭവിക്കുന്നത്. ഇവിടെ റാമ്പ് സൗകര്യമില്ല. വീല്‍ചെയറിലും മറ്റും സഞ്ചരിക്കേണ്ടവര്‍ക്ക് പ്ലാറ്റ്ഫോം മുറിച്ചുകടക്കണമെങ്കില്‍ 200 മീറ്റര്‍ മുന്നോട്ടുപോകണം.
കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജ് കൂടി വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അതേസമയം ലിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്. റൂഫിംഗ് ജോലികള്‍ ഇതുവരെയും ഇവിടെ പൂര്‍ത്തിയായിട്ടില്ല. ഇന്റര്‍ലോക്ക് ജോലികള്‍ നടക്കുന്നുണ്ട്. പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനുള്ള പ്രവൃത്തികള്‍ മന്ദഗതിയിലാണ് നടക്കുന്നത്.
കുമ്പള റെയില്‍വേ സ്റ്റേഷനെ കാസര്‍ഗോഡിനും മംഗളൂരുവിനും ഇടയിലുള്ള ഒരു സാറ്റലൈറ്റ് സ്റ്റേഷനായി വികസിപ്പിക്കണമെന്ന ആവശ്യവും റെയില്‍വേ ഇതുവരെ പരിഗണിച്ചിട്ടില്ല.