ക്വാറിയിൽനിന്നുള്ള മണ്ണ് റോഡിൽ; രാജഗിരിയിൽ നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ
1434965
Wednesday, July 10, 2024 8:29 AM IST
ചെറുപുഴ: രാജഗിരി കരിങ്കൽ ക്വാറിയിൽനിന്നുള്ള മണ്ണ് റോഡരികിൽ കൂട്ടിയിട്ടത് നിരവധി കുടുംബങ്ങളെ ഭീതിയിലാക്കുന്നു. രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡരികിലാണ് ക്വാറിയിൽ നിന്നുള്ള മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.
മഴ കൂടുതൽ ശക്തി പ്രാപിക്കുന്പോൾ ഇത് താഴേക്ക് പതിക്കുമെന്ന ഭീതിയിലാണ് രാജഗിരി ടൗണിനും ക്വാറിക്കു താഴെയുമായി കഴിയുന്ന നിരവധി കുടുംബങ്ങൾ കഴിയുന്നത്. ഇത് വൻദുരത്തിന് തന്നെ ഇടയാക്കും. അധികൃതർക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ചെറുപുഴ പഞ്ചായത്ത് അധികൃതർ കളക്ടറെ നേരിൽ കണ്ടും പരാതി നൽകിയിരുന്നു.
പിന്നീട് രാജഗിരി - ജോസ്ഗിരി റോഡ് തകർന്നതിനേക്കുറിച്ചും പരാതി അയച്ചു. പരാതിയിൽ ആർഡിഒ റവന്യൂ അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ക്വാറി പ്രവർത്തിക്കുന്ന വാർഡംഗവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷാന്റി കലാധരൻ മണ്ണൊലിപ്പ് ഭീഷണി പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഇന്നലെ പഞ്ചായത്തധികൃതർ ക്വാറി പ്രദേശം സന്ദർശിച്ചു.
ശക്തമായ മഴയിൽ മണ്ണൊലിപ്പ് ഉണ്ടാകാമെന്നും ഇത് അപകടകരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ചെയർപേഴ്സൺ ഷാന്റി കലാധരൻ, പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
രാജഗിരി ക്വാറിയുടെ പ്രവർത്തനം തടയണം: കോൺഗ്രസ്
ചെറുപുഴ: രാജഗിരി ക്വാറിയുടെ പ്രവർത്തനം തടയണമെന്നും രാജഗിരി - ജോസ്ഗിരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, മരുതുംതട്ട്, ജോസ്ഗിരി മേഖലയിലെ ചെങ്കുത്തായ മലകൾക്ക് നടുവിലാണ് രണ്ടു ക്വാറികളും ക്രഷറും പ്രവർത്തിക്കുന്നത്.
പ്രവർത്തനാനുമതിശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമേ അനുമതി നൽകാൻ പാടുള്ളൂ എന്ന് ജില്ലാ ദുരന്തനിവാരണ സമിതിയുടെ മുൻ അധ്യക്ഷനായ ജില്ലാ കളക്ടർ തന്നെ നേരിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി നൽകിയിരുന്നു.
സാങ്കേതിക കാര്യങ്ങളിലെ കോടതി ഉത്തരവിനെയും അത്തരം കോടതി ഉത്തരവുകൾ ചൂണ്ടി കാണിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവുകളെയും മറയാക്കിയാണ് ഇപ്പോൾ പ്രവർത്തനാനുമതി നേടിയെടുത്തിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണ്ണ് കുത്തനെ നിൽക്കുന്ന മലയുടെ ചെരുവിൽ കൂട്ടിയിരിക്കുന്നത് വലിയ അപകട ഭീഷണിയുയർത്തുന്നുണ്ട്. ചെറുപുഴ പഞ്ചായത്തിന്റെ മൗനത്തിലും ദുരൂഹതയുണ്ട്.
പ്രശ്ന പരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കളായ മനോജ് വടക്കേൽ, ജയിംസ് രാമത്തറ, സെബാസ്റ്റ്യൻ കണ്ടത്തിൽ, പി. സുരേന്ദ്രൻ, ബാബു കണകൊമ്പിൽ, ജായിസ് കണ്ടത്തിൽ, മൈക്കിൾ കുമ്പുക്കൽ, ബെന്നി കാനകാട്ട്, സ്കറിയ നടുവിലെകൂറ്റ് എന്നിവർ പറഞ്ഞു.