ബിഎസ്എൻഎൽ ടവർ നോക്കുകുത്തിയാകുന്നു
1434517
Tuesday, July 9, 2024 1:34 AM IST
പയ്യാവൂർ: കുന്നത്തൂർപാടിക്ക് സമീപമുള്ള ബിഎസ്എൻഎൽ ടവർ സാധാരണ ഉപയോക്താക്കൾക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായി മാറുന്നു. വൻവിലയുള്ള ഐ ഫോണുകൾ ഉൾപ്പെടെയുള്ളവയിൽ ഉപയോഗിക്കുന്ന ഫൈവ്ജി സിം കാർഡുകൾക്ക് മാത്രമാണ് ഈ ടവറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുള്ളൂവെന്നാണ് സാധാരണ ഫോൺ ഉപയോഗിക്കുന്നവർ പറയുന്നത്.
ഇതു സംബന്ധിച്ച് പ്രദേശവാസികൾ ബിഎസ്എൻഎൽ അധികൃതരോട് അന്വേഷിച്ചപ്പോൾ സാധാരണ ഫോണുകളിൽ റേഞ്ച് ലഭിക്കില്ലെന്നും ഫൈവ് ജിക്കായുള്ള ഫ്രീക്വൻസിയാണ് ടവറിൽ സെറ്റ് ചെയ്തിരിക്കുന്നതെന്നുമാണ്. കർഷകരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷം ആളുകൾ ഉള്ള മേഖലയിൽ തങ്ങൾക്ക് ഉപയോഗപ്പെടാത്ത ടവർ എന്തിനാണ് സ്ഥാപിച്ചതെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്. നെറ്റ്വർക്ക് കിട്ടാത്തതു വിദ്യാർഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
എല്ലാവർക്കും നെറ്റ്വർക്ക് ലഭ്യമാകുന്ന വിധത്തിൽ ടവർ ഫ്രീക്വൻസി ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ടവർ ഇതിന് തയാറാകുന്നില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്താനാണ് തീരുമാനം.