റാണിപുരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്
1431192
Monday, June 24, 2024 1:05 AM IST
റാണിപുരം: മഴയും മഞ്ഞും തണുപ്പും ആസ്വദിക്കാനായി റാണിപുരത്തേയ്ക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. ഇന്നലെ മാത്രം 3,000ത്തോളം പേരാണ് ഇവിടെയെത്തിയത്. ഇതിൽ 2,292 ആളുകൾ ട്രക്കിംഗിനായി പോകുകയും ചെയ്തു. അയൽസംസ്ഥാനമായ കർണാടകയിൽ നിന്നടക്കം നിരവധി സഞ്ചാരികളാണ് ദിവസേന ഇവിടേക്ക് എത്തുന്നത്.
എന്നാൽ സഞ്ചാരികൾക്കുവേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കാൻ നാളിതുവരെയായിട്ടും അധികൃതർക്ക് സാധിച്ചിട്ടില്ല. പുരുഷന്മാർക്ക് ഒരു ടോയ്ലറ്റും സ്ത്രീകൾക്ക് രണ്ടു ടോയ്ലറ്റും മാത്രമാണ് ഇവിടെയുള്ളത്. എന്നിട്ടും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാവുന്നില്ല എന്നതാണ് സത്യം. വനാതിർത്തിയോട് ചേർന്നാണ് ട്രക്കിംഗ് നടത്താനെത്തുന്നവർക്കുള്ള ടിക്കറ്റ് കൗണ്ടർ. ഇവിടെ ശൗചാലയ സൗകര്യം കൂടാതെ ട്രക്കിംഗിന് പോകാത്ത സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുമില്ല.
വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാലയുടെ പ്രവർത്തനം നിർത്തിയിട്ട് മാസങ്ങളായി. ഇതും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. മൊബൈൽഫോണിന് റേഞ്ച് ഇല്ലാത്തത് മറ്റൊരു പ്രശ്നമാണ്. ആവശ്യത്തിന് യാത്രാസൗകര്യം ഇല്ലാത്തതും വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കുന്നതിൽ പ്രതികൂലമായി ബാധിക്കുന്നു. വാഹനവുമായി എത്തുന്ന സഞ്ചാരികൾക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും കുറവാണ്.
നിലവിൽ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചെറിയ സ്ഥലത്താണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കൂടുതൽ വാഹനങ്ങൾ എത്തിയാൽ നിർത്തിയിടാൻ സൗകര്യമില്ല. ഇന്നലെ എത്തിയവരുടെ വാഹനങ്ങൾ പാർക്കിംഗ് സൗകര്യം കഴിഞ്ഞ് ഏകദേശം ഒരു കിലോമീറ്റർ താഴത്തേക്ക് റോഡ് അരികിൽ നിരത്തിയിട്ട അവസ്ഥയായിരുന്നു. പലരും പാർക്കിംഗ് കിട്ടാതെ തിരിച്ചുപോയതായും പരാതിയുണ്ട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചത് സഞ്ചാരികൾക്ക് ഗുണകരമാണ്. ഇനിയും കൂടുതൽ സർവീസുകൾ കെഎസ്ആർടിസിക്ക് തുടങ്ങാൻ ആയാൽ അത് വലിയ മുതൽക്കൂട്ടാകും.
കുട്ടികളുടെ പാർക്കും മറ്റു സൗകര്യങ്ങളും ചെയ്യുന്നതിനായി ഫണ്ടുകൾ പാസായെങ്കിലും ഇനിയും എവിടെയും എത്തിയിട്ടില്ല. ആരോഗ്യമേഖലയും മറ്റേതൊരു മേഖലയും പോലെ തന്നെ വിനോദസഞ്ചാര മേഖലയിലും കാസർഗോഡിനെ അവഗണിക്കുന്ന സ്ഥിതിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.