മാന്പൊയിലിൽ ഒറ്റയാൻ വീട് തകർത്തു
1431123
Sunday, June 23, 2024 7:29 AM IST
ആലക്കോട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലിൽ ഒറ്റയാൻ വീടാക്രമിച്ച് തകർത്തു. തൊമ്മിത്താഴത്ത് ജോസുകുട്ടിയുടെ വീടാണ് ഒറ്റയാൻ ആക്രമണത്തിൽ തകർന്നത്. കുറച്ചു ദിവസമായി തൊമ്മിയും കുടുംബവും മറ്റൊരിടത്തായതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ഇതു കൊണ്ടു മാത്രമാണ് ഈ കുടുംബം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രിയിലെത്തി ഒറ്റയാൻ വീടിന്റെ ഭിത്തിയും മേൽക്കൂരയും തുണും കുത്തി മറിച്ചിടികയായിരുന്നു. പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളും കാട്ടാന നശിപ്പിച്ചു.
സമീപത്തെ തുരുത്തേൽ ജോമോൻ, മൂഴിയിൽ സണ്ണി എന്നിവരുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വീട് കാട്ടാന തകർത്ത വിവരം പഞ്ചായത്തധികൃതരെ അറിയിച്ചിട്ടും ബന്ധപ്പെട്ടവർ സന്ദർശനം നടത്തിയില്ലെന്നും ആരോപണമുണ്ട്.തൊമ്മിത്താഴത്ത് ജോസുകുട്ടിയുടെ വീടും കൃഷിയിടവും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
മാന്പൊയിൽ ഇടവക വികാരി ഫാ. ജോസ് മൈലുംമൂട്ടിൽ, അതിരൂപത വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ, ആലക്കോട് ഫൊറോന സെക്രട്ടറി ബ്രൂസിലി മൂഴിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.