ഇത് ബാർ കോഴ കേസല്ല, മദ്യനയ കോഴ കേസ്: പി.സി.വിഷ്ണുനാഥ്
1425140
Sunday, May 26, 2024 8:36 AM IST
കണ്ണൂര്‍: ഇപ്പോൾ നടക്കുന്നത് ബാര്‍ കോഴ കേസല്ല മറിച്ച് മറ്റ് ഇതര സംസ്ഥാനങ്ങളിലേതുപോലെ മദ്യനയ കോഴക്കേസാണെന്നും കേരളത്തിലെ ഭരണാധികാരികള്‍ ജയിലില്‍ പോയി ചപ്പാത്തി തിന്നുന്ന കാലം വിദൂരമല്ലെന്നും എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ.
ജൂണ്‍ നാല് കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സംരംക്ഷണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ലോക്കല്‍ സെല്‍ഫ് ഗവ. സ്റ്റാഫ് അസോസിയേഷന് (കെഎല്ജിഎസ്എ) സംസ്ഥാന നേതൃപഠന ക്യാന്പ് കരുതല്‍ 2024 പയ്യാമ്പലം മര്‍മര ബീച്ച് ഹൗസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളെ ആദരിച്ചു. കെഎല്ജിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സണ്, മുന്‍ മേയര്‍ ടി.ഒ. മോഹനന്, എം. വസന്തന്, എന്‍.എ. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നാളെ രാവിലെ ഏഴിന് പയ്യാമ്പലം ബീച്ച് ശുചീകരണം കണ്ണൂര്‍ കോര്പറേഷന് സ്ഥിരസമിതി അധ്യക്ഷന്‍ എം.പി. രാജേഷ് ഫ്ലാഗ്ഓഫ് ചെയ്യും. 8.30ന് സംസ്ഥാന കൗണ്‍സില്‍. 10ന് നവലോക നേതൃശൈലി എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ എ.വി. വാമനകുമാര്‍ ക്ലാസെടുക്കും. 12ന് സമാപന സമ്മേളനം സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഎല്ജിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സണ് അധ്യക്ഷത വഹിക്കും. ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ഫിലോമിന, കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 1.30ന് പതാക താഴ്ത്തല്‍.