ബൈക്ക് കവർച്ചാ കേസിലെ പ്രതികൾ മോഷ്ടിച്ച സ്വർണവുമായി പിടിയിൽ
1425134
Sunday, May 26, 2024 8:27 AM IST
കണ്ണൂർ: വർക്ക് ഷോപ്പിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ പ്രതികൾ മോഷ്ടിച്ച സ്വർണവുമായി പിടിയിൽ. കണ്ണൂർ തളാപ്പിലെ ഒരു ലോഡ്ജിൽ താമസിച്ചു വരികയായിരുന്ന ചാലക്കുന്ന് സ്വദേശി കെ.അജേഷ് (30) , കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ദീൻ(41),എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു സ്വർണ നെക്ലെയ്സും സ്വർണ വളയും 21,340 രൂപയും പിടികൂടി.
കിഴുത്തള്ളിയിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി മീൻകുന്നിലെ ആദർശ് ഏൽപ്പിച്ച ഒന്നര ലക്ഷം രൂപയുടെ ബൈക്കായിരുന്നു ഇരുവരും ഇക്കഴിഞ്ഞ 14ന് കവർന്നത്. കിഴുത്തള്ളിയിൽ അപ്പാർട്ട്മെന്റിൽ താമസിച്ചു വരുന്ന കോട്ടയം കുമരനെല്ലൂർ സ്വദേശിയായ റോഹിൻ രാജിന്റെ ബുള്ളറ്റും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതിനു പിന്നിലും ഇരുവരുമാണ്. മോഷ്ടിച്ച രണ്ട് ഇരുചത്രവാഹനങ്ങളും പോലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തു.
മോഷ്ടിച്ച വാഹനങ്ങളുപയോഗിച്ച് ഇവർ മാല മോഷണം ഉൾപ്പടെയുള്ളവ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെയാണ് പ്രതികൾ തളാപ്പിലെ ലോഡ്ജിൽ താമസിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചത്. കാപ്പ കേസിൽ അറസ്റ്റിലായ നിയാസുദ്ദീൻ കഴിഞ്ഞ മാസമായിരുന്നു ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സിഐ കൈലാസ് നാഥ്, എസ്ഐമാരായ ഷമീൽ, സവ്യസാചി, എഎസ്ഐ രഞ്ജിത്, സുജിത്, നാസർ, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.