മംഗര പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിൽ; മഴക്കാലം ആശങ്കയിൽ
1424551
Friday, May 24, 2024 1:28 AM IST
ചപ്പാരപ്പടവ്: ഒരു പ്രദേശത്തിന്റെ സ്വപ്നമായ മംഗര പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലായത് സ്വപ്നത്തേക്കാൾ കൂടുതൽ ആശങ്ക ഉയർത്തുന്നു. 11 കോടിയിൽപരം രൂപ ചിലവഴിച്ച് 175 മീറ്റർ നീളത്തിലും പതിനൊന്നര മീറ്റർ വീതിയിലും ആണ് പാലം നിർമിക്കുന്നത്. ചപ്പാരപ്പടവ് പുഴയിൽ മംഗരയിൽ പുഴയ്ക്ക് കുറുകെ 2022 നവംബറിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിക്കാത്തതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
2024 മാർച്ചിൽ പണി പൂർത്തീകരിക്കണം എന്ന ഉറപ്പോടുകൂടി പാലത്തിന്റെ നിർമാണ ഉദ്ഘാടന വേളയിൽ സ്ഥലം എംഎൽഎ എം.വി. ഗോവിന്ദൻ കരാറുകാരനോട് പറഞ്ഞിരുന്നത്. യാതൊരു കാരണവശാലും ഇത് തെറ്റിക്കാൻ പാടില്ല എന്നും പറഞ്ഞിരുന്നത് ജലരേഖയായി മാറി. കരാറുകാരൻ പണി വൈകിപ്പിക്കുകയും ഇപ്പോൾ സമയം നീട്ടി മേടിച്ചതായും കരാറുകാരൻ പറയുന്നു.
പാലത്തിന് ആവശ്യമായ ബീമുകൾ പുഴയിലാണ് നിർമിച്ചു വച്ചിരിക്കുന്നത്. ഇതു പുഴയ്ക്ക് കുറുകെ ആയതിനാൽ വെള്ളത്തിന്റെ ഒഴുക്കിനും തടസമായിരിക്കുകയാണ്.
ഇപ്പോൾ പുഴയുടെ മധ്യ ഭാഗത്ത് കൂടി വെള്ളം ഒഴുകുന്നതിനാൽ അവിടം കുത്തി ഒഴുകുകയാണ്. മഴ ശക്തമായാൽ പുഴയിൽ മണ്ണിടിച്ചിലിനും ചിലപ്പോൾ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ഫില്ലറിനും ഉൾപ്പെടെ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. പുഴയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കും മാറ്റം വരാം. പുഴയോരത്തുള്ള കാർഷിക വിളകളും നശിച്ചു പോകാൻ കാരണമാകാം. ബീമുകൾ എത്രയും വേഗം എടുത്തു മാറ്റി പാലം പണി പൂർത്തീകരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബീമുകൾ ഉയർത്താനുള്ള ക്രെയിനുകൾ എത്താത്തതാണ് പ്രവൃത്തി പുരോഗമനത്തിന് തടസമായിരിക്കുന്നതെന്ന് കോൺട്രാക്ടർ പറയുന്നു.