വിമൽജ്യോതിക്ക് ഇനി ഇരട്ടത്തിളക്കം
1424107
Wednesday, May 22, 2024 1:48 AM IST
ചെന്പേരി: കുടിയേറ്റ മണ്ണിലെ ഉന്നതവിദ്യാകേന്ദ്രത്തിന് ഇനി ഇരട്ടത്തിളക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ യുജിസി കോളജിന് സ്വയംഭരണ പദവി നല്കിയതിനു പിന്നാലെയാണ് ഇപ്പോൾ നാക്(നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അക്രഡിറ്റേഷൻ എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
ബൃഹത്തായ കാന്പസ് , കോഴ്സുകൾ
കോഴ്സുകളുടെയും കുട്ടികളുടെയും എണ്ണം കൊണ്ടുതന്നെ വിമൽജ്യോതി ഏറെ ശ്രദ്ധേയമാണ്. മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, കംപ്യൂട്ടർ സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം എന്നീ ബിടെക് പ്രോഗ്രാമുകളും എംടെക്, പിഎച്ച്ഡി, എംബിഎ, വിദേശഭാഷാ പഠന സൗകര്യം മുതലായവയും 2500 ലധികം വിദ്യാർഥികളും 200 ഓളം അധ്യാപകരടക്കം മുന്നൂറോളം ജീവനക്കാരും എല്ലാം ഒത്തുചേരുന്ന മനോഹരമായ കാന്പസാണ് മലബാറിലെ പഠനമികവിന്റെ കേന്ദ്രമായ വിമൽജ്യോതി.
ലോകോത്തര നിലവാരം
രണ്ടു പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രമുഖ എൻജിനിയറിംഗ് കോളജുകളിൽ ഒന്നായി മാറിയിരിക്കുകയാണ് വിമൽജ്യോതി. മനോഹരമായ പ്രകൃതിയും ശാന്തമായ അന്തരീക്ഷവും വിദ്യാർഥികളുടെ പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാനേജ്മെന്റ് കാഴ്ചപ്പാടുകളും കാന്പസിൽ തന്നെ താമസിച്ചുകൊണ്ട് ദൈനംദിന പ്രവർത്തനങ്ങൾക്ക് 24 മണിക്കൂറും നേതൃത്വം നൽകുന്ന ഒരുപറ്റം വൈദികരുടെ മാനേജ്മെന്റ് വൈദഗ്ധ്യവും നിസ്തുല സേവനവും വിമൽജ്യോതിയെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്നു.
പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മികവും സ്റ്റാർട്ടപ്പ് രംഗങ്ങളിലെ ഊർജിത പ്രവർത്തനങ്ങളുമായി ലോകത്തിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ചെന്പേരി വിമൽജ്യോതി. വിമൽജ്യോതി വിദ്യാർഥികൾ കാന്പസിൽ നിർമിച്ച വാഹനവുമായി അമേരിക്കയിലെ ഇല്ലാനോയിസിൽ വരെ മത്സരിക്കാൻ പോയി എന്നത് ഒരു ഉദാഹരണം മാത്രം. ആധുനിക ശാസ്ത്ര ലോകത്തിന്റെ പുത്തൻ അറിവുകൾ വിദ്യാർഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിമൽജ്യോതി കാന്പസിൽ ഐഇഇഇ, സിഎസ്ഇ, എംസിഎം, എസിഡബ്ല്യുഎം, സിഎസ്ഐ, റോബോട്ടിക് സൊസൈറ്റി മുതലായ അന്തർദേശീയ സംഘടനകളും പ്രവർത്തിക്കുന്നു.
വിവിധ ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ട ദേശീയ-അന്തർദേശീയ സെമിനാറുകളും വിമൽജ്യോതി സംഘടിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായി വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും വിമൽജ്യോതിയിൽ എത്തിച്ചേരുന്നു.
അതിവിശാലമായ പ്ലേഗ്രൗണ്ട്, കോർട്ടുകൾ, ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിരിക്കുന്നു. കാന്പസിനകത്ത് തന്നെ 1500 ഓളം വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്റ്റൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 20 ഓളം കോളജ് ബസുകളും വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നു.
കാന്പസിൽ അരങ്ങേറുന്ന കലാമാമാങ്കങ്ങൾ കണ്ടും കേട്ടും മനസ് നിറച്ച് ഇവിടുന്ന് പടിയിറങ്ങുന്ന വിദ്യാർഥികൾക്ക് അവ എക്കാലവും മധുരമുള്ള സ്മരണകളാണ്. രണ്ട് എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള എൻജിനിയർമാരെ സൃഷ്ടിക്കുന്നു. ചാരിറ്റി പിൽഗ്രിം വിദ്യാർഥികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ നൽകുന്നു. ടെക് ടെസ്റ്റുകൾ നൂതന അറിവുകളുടെ നേർക്കാഴ്ചയൊരുക്കുന്നു.
സമർഥരായ വിദ്യാർഥികൾക്ക് വിമൽജ്യോതി എൻജിനിയറിംഗ് പഠനം സാന്പത്തിക ബുദ്ധിമുട്ട് കൂടാതെ പഠിക്കാൻ വിവിധ സ്കോളർഷിപ്പ് സ്കീമുകൾ കോളജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കലാ-കായിക രംഗങ്ങളിലും വർഷങ്ങളായി വിമൽജ്യോതി അതിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാറുണ്ട്.
2011 വർഷത്തിൽ ആന്ധ്ര, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ വനിതാ ബാസ്ക്കറ്റ് ബോൾ യൂണിവേഴ്സിറ്റി ടീമുകൾ പങ്കെടുത്ത അന്തർസംസ്ഥാന മത്സരത്തിന് വിമൽജ്യോതി വേദിയായിരുന്നു.