വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റിയാൽ പിടിവീഴും
1416482
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റുന്നതിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. അമിതഭാരം കയറ്റിയ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായ സാഹചര്യത്തിലാണ് ഇതിനെതിരേ കർശന നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് താഴെത്തട്ടിലേക്ക് കർശന നിർദേശം നൽകിയത്.
രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ്. വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റിയാൽ അപകടം ക്ഷണിച്ചുവരുത്തും. വാഹനത്തിന്റെ ഭാരം റോഡിൽ അനുഭവപ്പെടുന്നത് ടയറുകൾ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദനീയ ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്.
അമിതഭാരം റോഡുകളുടെ നാശത്തിനും ഇടവരുത്തുന്നതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ അമിതമായി പുക വമിപ്പിക്കുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുവെന്നും പഠന റിപ്പോർട്ടുകളിൽ പറയുന്നു. വാഹനത്തിന്റെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ഉയർത്തുന്നു.
അമിതഭാരവുമായി ലോറികളുടെ പാച്ചിൽ മൂലം ജീവനുകൾ പൊലിയുന്ന സാഹചര്യങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. അമിതഭാരം കയറ്റുന്നത് സുരക്ഷയെ അപകടത്തിലാക്കുന്നതിനു പുറമെ മറ്റൊരു വാഹനത്തിന് കിട്ടേണ്ട തൊഴിൽ ഇല്ലാതാക്കുന്നുമുണ്ട്. അമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുകയാണ് വേണ്ടതെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ