വോൾട്ടേജ് ക്ഷാമം: തൊട്ടിപ്പാലത്ത് കുടിവെള്ളം മുട്ടി
1415469
Wednesday, April 10, 2024 1:41 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലത്ത് 100 ഓളം കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിൽ. പഞ്ചായത്തിന്റെ ജലനിധി പദ്ധതിയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്കാണ് ഈ ദുരിതം.
മാസങ്ങളായി തുടരുന്ന വോൾട്ടേജ് ക്ഷാമം മൂലം ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ കഴിയാതായതോടെ പ്രദേശത്തുള്ളവർക്ക് വെള്ളം കിട്ടാക്കനിയായി. ജലനിധി പദ്ധതിയുടെ കിണറിൽ നിന്നും ടാങ്കിലേക്ക് വെള്ളം എത്തിച്ച് പൈപ്പു വഴി ഓരോ വീടുകളിലും എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ മോട്ടർ പണിമുടക്കി. ഇതോടെ ടാങ്കിൽ വെള്ളം എത്തിക്കാൻ കഴിയാതാവുകയായിരുന്നു. കുടിവെള്ളത്തിന് മറ്റ് മാർഗമില്ലാതെ കൊടും വേനലിൽ 100 ഓളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
വനാതിർത്തി പങ്കിടുന്ന ഗ്രാമായതിനാൽ വോൾട്ടേജ് പ്രശ്നം മൂലം രാത്രിയിലെ കാട്ടാന ശല്യത്തെ തടയാൻ ലൈറ്റ് പോലും ഇടാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി വോട്ടേജ് ക്ഷാമം പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് അടിയന്തര പരിഹാരം എടുത്തില്ലെങ്കിൽ ബന്ധപ്പെട്ട ഓഫിസിന് മുന്പിൽ കുത്തിയിരിപ്പ് സമരമടക്കം നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.