ചുവപ്പ് നാടയിൽ കുടുങ്ങി മൾട്ടിപ്ലസ് തിയേറ്റർ കെട്ടിടം
1396037
Wednesday, February 28, 2024 1:34 AM IST
ഇരിട്ടി: കല്ലുമുട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) സ്ഥാപിക്കുന്ന മൾട്ടി പ്ലസ് തിയേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി മൂന്ന് വർഷത്തോട് അടുക്കുമ്പോഴും ഇന്റീരിയർ ജോലികളുടെ ടെൻഡർ നടപടികൾ പോലും ആരംഭിക്കാതെ അവഗണന.ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ആരും തിരിഞ്ഞു നോക്കാതെ കാടുകയറുന്നത്.
പ്രവൃത്തി വൈകുന്നതിനെതിരെ പായം പഞ്ചായത്ത് ആശങ്ക അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് കെഎസ്എഫ്ഡിസി പ്രൊജക്ട് മാനേജറിന്റെ സ്ഥലം സന്ദർശനത്തിൽ മാത്രം ഒതുങ്ങുക ആയിരുന്നു പഞ്ചായത്തിന്റെ ആശങ്ക. സർക്കാർ ഫണ്ട് അനുവദിച്ചു ഒരു വർഷം കഴിഞ്ഞിട്ടും കിഫ്ബി ബോർഡ് യോഗം ചേർന്നു അംഗീകാരം നൽകാത്തതാണു ടെൻഡർ നടപടികളിലേക്കു നീങ്ങാൻ തടസമെന്നാണ് ആക്ഷേപം. തലശേരി - കുടക് സംസ്ഥാനാന്തര പാതയിൽ പായം പഞ്ചായത്ത് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയത്തിലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്എഫ്ഡിസിയുടെ മൾട്ടിപ്ലസ് തിയറ്റർ നിർമിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 5.88 കോടി രൂപയാണ് അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 7.22 കോടി രൂപയായി വർധിച്ചു. ഇതിൽ സർക്കാർ അനുമതി നൽകിയെങ്കിലും കിഫ്ബി നടപടി ക്രമങ്ങൾ വൈകുകയാണ്. കെട്ടിട നിർമാണം 2019 ൽ തുടങ്ങി നേരത്തേ തന്നെ അന്തിമഘട്ടത്തിൽ എത്തിയിരുന്നു. തിയറ്ററിന്റെ ഉൾവശത്തു ചെയ്യേണ്ട ഇന്റീരിയർ ജോലികളുടെ ഉദ്ഘാടനം ആണു മന്ത്രി നടത്തിയത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി ശബ്ദ സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളോടും കൂടിയ 150 സീറ്റുകൾ വീതം ഉള്ള രണ്ട് തിയറ്ററുകളാണ് ഇവിടെ നിർമിക്കുന്നത്. തിയറ്ററിന്റെ രൂപരേഖ മുംബൈയിൽ നിന്നുള്ള പ്രമുഖ ആർക്കിടെക്ട് രാഹുൽ ജാവെരി 20 മാസം മുൻപ് മുൻപ് തയാറാക്കി നല്കിയതുമാണ്.
വരുമാന നഷ്ടം
പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തലശേരി വളവുപാറ റോഡിനോട് ചേർന്ന 80 സെന്റ് സ്ഥലത്ത് ഏഴു കോടി രൂപ ചെലവിട്ട് അഞ്ച്നിലകളിലായി മൾട്ടിപ്ലക്സ് തിയറ്ററിന് ആവശ്യമായ കെട്ടിടം പഞ്ചായത്ത് നിർമിച്ചത്. അടി നിലയിൽ പാർക്കിംഗ്, രണ്ട്നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി രണ്ട് തിയറ്ററുകൾ എന്നിവയാണു പദ്ധതി. തിയറ്റർ പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലം ടെൻഡർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും പഞ്ചായത്തിന് നടത്താനായിട്ടില്ല. ഇത് പഞ്ചായത്തിന്റെ തനതു വരുമാനത്തിൽ വലിയ നഷ്ടമാണ് വരുത്തുന്നത്.