അന്താരാഷ്ട്ര പരിസ്ഥിതിദിനം: ഗ്രീൻ കേരള റൈഡുമായി തദ്ദേശ വകുപ്പ്
1565005
Thursday, June 5, 2025 6:12 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കാർബണ്‍ എമിഷൻ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ദിനത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നത്.
ഒന്നിച്ചിറങ്ങാം, കാർബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാർബണ്‍ ന്യൂട്രൽ വയനാട് ബോധവത്കരണ കാന്പയിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്നു രാവിലെ 9.30ന് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്ക് കമ്മ്യൂണിറ്റി പൂളിംഗിന്റെ ഭാഗമായി തെരഞ്ഞെടുത്ത പൊതുഗതാഗതമാർഗം ഉപയോഗിക്കും.
ഗ്രീൻ കേരള റൈഡിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാർ ഡീസൽ, പെട്രോൾ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങൾ, ഇലക്ട്രിക് വാഹങ്ങൾ, സൈക്കിൾ, കാൽനട യാത്ര മാർഗങ്ങളാൽ ഓഫീസുകളിലെത്തും. ത്രിതല പഞ്ചായത്തുകളിലെ ജീവനക്കാരും ജനപ്രതിനിധികളും ബോധവത്കരണ കാന്പയിന്റെ ഭാഗമായി പ്രവർത്തിക്കും.
ജീവനക്കാർക്ക് ഒരുമിച്ച് യാത്രചെയ്യാൻ ഒരു വാഹനം ക്രമീകരിച്ചുള്ള കമ്മ്യൂണിറ്റി പൂളിംഗ്, സ്വകാര്യ വാഹനങ്ങളിൽ ഒറ്റയ്ക്ക് ഓഫീസിൽ എത്തുന്നവർക്ക് ഒരേ റൂട്ടിൽ നിന്നുള്ള സഹപ്രവർത്തകരുമായി ഒരുമിച്ച് ഒരു വാഹനത്തിൽ ഓഫീസിലെത്താൻ വെഹിക്കിൾ പൂളിംഗ്,
സൈക്ലിംഗ്, പൊതുഗതാഗത സംവിധാനങ്ങൾ, കാൽനടയാത്രകൾ എന്നിവ ഗ്രീൻ കേരള റൈഡിന് ഉപയോഗപ്പെടുത്താം. ഓഫീസുകളിൽ ലിഫ്റ്റ് ഉപയോഗം പരമാവധി കുറയ്ക്കും.