’നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോൾ കാർണിവൽ: കുപ്പാടിത്തറ കവല എഫ്സി ജേതാക്കൾ
1549626
Tuesday, May 13, 2025 6:30 PM IST
മാനന്തവാടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് ’നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരിൽ സംഘടിപ്പിച്ച ഫുട്ബോൾ കാർണിവലിൽ കുപ്പാടിത്തറ കവല എഫ്സി ജേതാക്കളായി. വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ട്രിപ്പിൾ സിക്സ് വൈത്തിരിയെയാണ് പരാജയപ്പെടുത്തിയത്. ബ്ലോക്കുതല മത്സരത്തിൽ ജേതാക്കളായ ടീമുകളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരച്ചത്. കലാശക്കളി ഉദ്ഘാടനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
കളികളിലും കലകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടും മാതാപിതാക്കളെ സ്നേഹിച്ചുമാണ് ജീവിതത്തിൽ ലഹരി കണ്ടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ലഹരിവിരുദ്ധ സന്ദേശം നൽകി.
റിട്ട.പോലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം, ജില്ലാ അഡീഷണൽ എസ്പി. ടി.എൻ. സജീവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, നർകോടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ, ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫ്, കൽപ്പറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു, മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ. ഉസ്മാൻ, നഗരസഭാ കൗണ്സിലർ സുനിൽകുമാർ, അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ജനമൈത്രി നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എസ്ഐ എം.കെ. സാദിർ എന്നിവർ പ്രസംഗിച്ചു.
സമാപനച്ചടങ്ങിൽ മന്ത്രിയും ജില്ലാ പോലീസ് മേധാവിയും ചേർന്ന് ട്രോഫികൾ കൈമാറി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളിലെയും അംഗങ്ങൾക്കു ലഹരിവിരുദ്ധ സന്ദേശമടങ്ങിയ സർട്ടിഫിക്കറ്റ് നൽകി. അണ്ടർ-20 സംസ്ഥാന ചാന്പ്യൻമാരായ വയനാട് ജില്ലാ ടീമും ജില്ലാ പോലീസ് ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം നടന്നു.