കർഷകർ ക്ഷീരവൃത്തി നിർത്തുന്നു; കന്നുകാലി സന്പത്ത് കുറയുന്നു
1549621
Tuesday, May 13, 2025 6:30 PM IST
കൽപ്പറ്റ: ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനത്തിന്റെ അഭാവത്തിൽ സംസ്ഥാനത്ത് ക്ഷീരവൃത്തി അവസാനിപ്പിക്കുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. ഇത് കന്നുകാലി സന്പത്തിനെയും ബാധിക്കുകയാണ്. 2019ൽ സംസ്ഥാനത്ത് 13,41,996 കന്നുകാലികൾ ഉണ്ടായിരുന്നത് 2024ൽ 9,10,556 ആയി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ ഉപജീവനത്തിന് പശുവളർത്തലിനെ ആശ്രയിക്കുന്ന വയനാട്ടിൽ 2019ൽ 79,753 കന്നുകാലികൾ ഉണ്ടായിരുന്നത് 2024ൽ 58,439 ആയി കുറഞ്ഞു. മറ്റു ജില്ലകളിലും വ്യത്യസ്തമല്ല സ്ഥിതി.
വയനാട് ഒഴികെ ജില്ലകളിൽ കന്നുകാലി സന്പത്തിലുണ്ടായ കുറവിന്റെ കണക്ക് (ജില്ല, 2019ലെ എണ്ണം, 2024ലെ എണ്ണം എന്ന ക്രമത്തിൽ): തിരുവനന്തപുരം: 98,822-74,453. കൊല്ലം: 1,10,542-71,568. പത്തനംതിട്ട: 61,157-39,264. ആലപ്പുഴ: 79,370-52,338. കോട്ടയം: 81,074-50,945. ഇടുക്കി: 97,396-56,444. എറണാകുളം: 1,08,06-66,691. തൃശൂർ: 1,11,932-73,685. പാലക്കാട്: 1,66,952-1,34,925. മലപ്പുറം: 87,035-63,327. കോഴിക്കോട്: 94,248-62,490. കണ്ണൂർ: 91,687-55,969. കാസർഗോഡ്: 73,968-50468. സംസ്ഥാനത്ത് പാലിനും മാംസത്തിനും ആടുകളെ വളർത്തുന്നവരുടെ എണ്ണവും കുറയുകയാണ്. 2019ൽ 14 ജില്ലകളിലുമായി 13,59,161 ആടുകൾ ഉണ്ടായിരുന്നത് 2024ൽ 7,99,027 ആയി കുറഞ്ഞു.
വയനാട്ടിൽ പ്രവാസികളുടേതടക്കം നിരവധി ഫാമുകൾ ഏതാനും വർഷത്തിനിടെ പൂട്ടിയതായി മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികളായ മത്തായി പുള്ളോർക്കുടി, കെ.സി. അന്നമ്മ, ലില്ലി മാത്യു, കെ.ജെ. മാർട്ടിൻ എന്നിവർ പറഞ്ഞു. പശുക്കൃഷി നിർത്തിയ ചെറുകിട കർഷകരുടെ എണ്ണം ആയിരക്കണക്കിനുവരും. അഞ്ച് വർഷം മുന്പുവരെ ജില്ലയിൽ കർഷക കുടുംബങ്ങളെല്ലാംതന്നെ ഒന്നും രണ്ടും പശുക്കളെ വളർത്തിയിരുന്നു. നിലവിൽ മിക്ക വീടുകളോടും ചേർന്നുള്ള തൊഴുത്ത് ശൂന്യമാണ്.
കാലാവസ്ഥയിലെ പിഴവുകളും രോഗങ്ങളും കാർഷിക മേഖലയിൽ ഏൽപ്പിച്ച ആഘാതത്തെത്തുടർന്നുണ്ടായ സാന്പത്തികത്തകർച്ചയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ആയിരക്കണക്കിനു കർഷക കുടുംബങ്ങളാണ് പശുപരിപാലനം മുഖ്യ ഉപജീവനമാർഗമാക്കിയത്. ഇത് വയനാടൻ ഗ്രാമങ്ങളിൽ ക്ഷീര വിപ്ലവത്തിനു കാരണമായി. പ്രതിദിനം ശരാശരി 2,05,000 ലിറ്റർ പാൽ ക്ഷീരസംഘങ്ങൾ മുഖേന വയനാട് ഡയറിയിൽ സംഭരിച്ചിരുന്നു. 56 ക്ഷീര സംഘങ്ങൾ ജില്ലയിലുണ്ട്. 55 എണ്ണം ആപ്കോസ് വിഭാഗത്തിലും ഒരെണ്ണം(ബത്തേരി) പരന്പരാഗത വിഭാഗത്തിലുമുള്ളതാണ്.
നിലവിൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിനു ശരാശരി 55 രൂപ ചെലവ് വരും. ക്ഷീരസംഘത്തിൽ അളക്കുന്ന പാൽ ലിറ്ററിന് 41 രൂപ വരെയാണ് കർഷകന് വില കിട്ടുന്നത്. ഏകദേശം 15 രൂപയാണ് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്പോൾ നഷ്ടം. ഈ സാഹചര്യമാണ് ക്ഷീരവൃത്തിയിൽ ഏർപ്പെടുന്ന കർഷകരുടെ എണ്ണവും കന്നുകാലി സന്പത്തും കുറയുന്നതിന് മുഖ്യകാരണം.
കർഷകരെ ക്ഷീര മേഖലയിൽ പിടിച്ചുനിർത്തുന്നതിന് പാൽ ലിറ്ററിന് 70 രൂപയെങ്കിലും വില ലഭ്യമാക്കേണ്ടതുണ്ടെന്ന് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മിൽക്ക് ചാർട്ട് പുതുക്കണം. മൃഗാശുപത്രികളിൽ ലാബ് സൗകര്യം മെച്ചപ്പെടുത്തണം. മുഴുവൻ പശുക്കൾക്കും സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. മൃഗാശുപത്രികളിൽ ആവശ്യത്തിനു മരുന്നുകൾ ലഭ്യമാക്കണം. അത്യുത്പാദനശേഷിയുള്ള പശുക്കളെ സൃഷിക്കാൻ കഴിയുന്ന ബീജം സപ്ലൈ ചെയ്യണം. സബ്സിഡികൾ ക്ഷീരകർഷകരുടെ അക്കൗണ്ടിൽ നേരിട്ടു നൽകണം. ഇതെല്ലാം ക്ഷീര കർഷകർക്കു പ്രോത്സാഹനമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.