മണ്ണ് പരിശോധന ലബോറട്ടറിക്ക് എൻഎബിഎൽ അംഗീകാരം
1480757
Thursday, November 21, 2024 6:13 AM IST
കൽപ്പറ്റ: കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹൈ ടെക് മണ്ണ് പരിശോധന ലബോറട്ടറിക്ക് ദേശീയ അംഗീകാരം. ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരമാണ് ഹൈ ടെക് മണ്ണ് പരിശോധന ലാബിനെയും തേടിയെത്തിയത്.
രാജ്യത്താകെയുള്ള സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മണ്ണ് പരിശോധനാ ലാബുകളുടെ പ്രവർത്തന മികവുകൾ പരിഗണിച്ചാണ് അംഗീകാരം. ഈ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ മണ്ണ് പരിശോധനാ ലബോറട്ടറിയും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലുള്ള അഞ്ചാമത്തെ ലബോറട്ടറിയുമാണിത്.
മണ്ണിന്റെ ഫലപുഷ്ടി നിർണിയിക്കാൻ ആവശ്യമായ പരിശോധനകളും ഇതിനനുസരിച്ചുള്ള മണ്ണ് പരിചരണ വളപ്രയോഗ നിർദേശങ്ങളുമാണ് ലാബിന്റെ നേതൃത്വത്തിൽ കർഷകർക്ക് നൽകി വരുന്ന പ്രധാന സേവനങ്ങൾ. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. കർഷകർക്കായി വാർഡ് തലത്തിലും വിവിധ കർഷക കൂട്ടായ്മകളുടെ ആവശ്യാനുസരണവും മണ്ണ് പരിശോധന ക്യാന്പുകൾ നടത്തുണ്ട്.
കാലാവസ്ഥാ വ്യതിയാനം നിമിത്തം മണ്ണിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും മണ്ണ് പരിശോധനാ വിഭാഗം കർഷകർക്ക് അവബോധം നൽകുന്നുണ്ട്. ഈ സേവനങ്ങളെല്ലാം പരിഗണിച്ചാണ് ഹൈ ടെക് ലാബിന് അംഗീകാരം ലഭിക്കുന്നത്. മണ്ണ് പരിശോധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലാബിൽ നിന്നും ലഭ്യമാകും. ഫോണ്: 9447631874.