വി. മുരളീധരൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണം: സിപിഎം
1481168
Friday, November 22, 2024 7:08 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരെ ആക്ഷേപിച്ച ബിജെപി നേതാവ് വി. മുരളീധരൻ ജനങ്ങളോട് മാപ്പുപറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. കേന്ദ്ര മന്ത്രിയായിരിക്കേ കേരളത്തിന്റെ വികസന പദ്ധതികൾക്കെല്ലാം തുരങ്കംവച്ച ചരിത്രമാണ് മുരളീധരന്റേത്.
നാടിനുവേണ്ടി ഒന്നും ചെയ്യില്ല എന്ന വാശിയാണ് അദ്ദേഹത്തിന്. സാന്പത്തികമായി ഞെരുക്കി കേരളത്തിന്റെ വികസനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും പദ്ധതിയുടെ സൂത്രധാരനാണ് മുരളീധരൻ. നാടിനോട് ഒരു പ്രതിബദ്ധയും ബിജെപി നേതാക്കൾക്കില്ല.
മുന്നൂറോളം പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. കേന്ദ്രസഹായം ലഭിക്കണമെങ്കിൽ കൂടുതൽപേർ മരിക്കണമെന്നതാണ് മുരളീധരനെപോലുള്ളവരുടെ നിലപാട്. ദുരന്തം ഏതൊക്കെ പ്രദേശത്തെ ബാധിച്ചുവെന്നതല്ല, ആഘാതമാണ് പ്രധാനം. ആയിരത്തോളം കുടുംബങ്ങളുടെ സർവവും നഷ്ടമായി. ഇവരുടെ പുനരധിവാസമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
രാഷ്ട്രീയമായി ഇത് തടയാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമം. ദുരന്തം നടന്ന് നാല് മാസമാകാറായിട്ടും കേന്ദ്രം കേരളത്തിന് സഹായധനം നൽകിയില്ല. ഇതിലും വലിയ ക്രൂരതയില്ല. ബിജെപിയും കേന്ദ്രസർക്കാരും എത്ര ശ്രമിച്ചാലും പുനരധിവാസം തടയാനാകില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വി. മുരളീധരന്റെ
പ്രസ്താവന:
യൂത്ത് കോണ്ഗ്രസ് പ്രകടനം നടത്തി
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ നിസാരവത്കരിച്ച് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. വി. മുരളീധരന്റെ കോലം കത്തിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതരെ അവഹേളിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു.
വി. മുരളീധരൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നു ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ഉനൈസ് ആറുവാൾ, ഷംസീർ അരണപ്പാറ, ഷക്കീർ മാനന്തവാടി, പ്രിയേഷ് തോമസ്, ജിജോ വരയാൽ, അൻഷാദ് മാട്ടുമ്മൽ, സുഹനാസ് തോട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.