നീലഗിരിക്ക് ആവശ്യം പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം: ഡോ.എ.പി. അബ്ദുൾ ഹക്കീം അസ്ഹരി
1481170
Friday, November 22, 2024 7:08 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയ്ക്ക് ആവശ്യം പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയുള്ള വികസനമാണെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി. അബ്ദുൾ ഹക്കീം അസ്ഹരി. മാനവ സഞ്ചാരം പരിപാടിയുടെ ഭാഗമായി നഗരത്തിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി യുനെസ്കോ പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ ജൈവമണ്ഡലമാണ്. സമീപജില്ലയായ വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾ ദുരന്തം നീലഗിരിക്ക് പാഠമാണ്.
അതു പൂർണമായും ഉൾക്കൊള്ളണം. അനിയന്ത്രിത നിർമാണങ്ങൾ നീലഗിരിക്ക് ദോഷം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഭരണകൂടം ശാസ്ത്രീയ നടപടികൾ സ്വീകരിക്കണം. വനം-വന്യജീവി സംരക്ഷണത്തിനുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം.
വനാതിർത്തികളിൽ വേലികൾ നിർമിക്കണം. നീലഗിരിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം. സെക്ഷൻ 17-വിഭാഗം ഭൂമിക്ക് പട്ടയം നൽകണം. മുഴുവൻ കുടുംബങ്ങൾക്കും വൈദ്യുതി ലഭ്യമാക്കണം.
തോട്ടം മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡോ.അസ്ഹരി പറഞ്ഞു. എസ്വൈഎസ് നേതാക്കളായ സയ്യിദ് ത്വാഹാ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് അലി അക്ബർ സഖാഫി, ടി.പി. ഹക്കിം, മുഹമ്മദുകുട്ടി തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.