അപൂർവ രോഗം: ബാലനെ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു
1480760
Thursday, November 21, 2024 6:13 AM IST
കൽപ്പറ്റ: രോഗപ്രതിരോധശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ(ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട രണ്ടു വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നാട് ഒന്നിക്കുന്നു. ഏച്ചോം വെള്ളമുണ്ടക്കൽ അമൃതാനന്ദ്-എമിലി സ്വദേശിനി അശ്വതി ദന്പതികളുടെ മകൻ നൈതിക് അമറിനാണ് അത്യപൂർവ രോഗം. ജനിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മജ്ജ മാറ്റിവയ്ക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വീണ്ടെടുക്കാനാവുമെന്നും കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം. ഏകദേശം 45 ലക്ഷം രൂപയാണ് ചികിത്സയ്ക്കു കണക്കാക്കുന്ന ചെലവ്. ഈ തുക സമാഹരിക്കുന്നതിന് മുനിസിപ്പൽ മുൻ ചെയർമാൻ മുജീബ് കെയെംതൊടി ചെയർമാനും ഷംസുദ്ദീൻ പനക്കൽ കണ്‍വീനറും ടി. അബ്ദുറസാഖ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സംഭാവനകൾ സ്വീകരിക്കുന്നതിന് എസ്ബിഐ കൽപ്പറ്റ ബ്രാഞ്ചിൽ 43539145377 നന്പറായി(IFSC SBIN0070192)അക്കൗണ്ട് തുറന്നു. 45 ദിവസംകൊണ്ട് 45 ലക്ഷം രൂപ സമാഹരിക്കുന്നതിനുള്ള പ്രവർത്തനമാണ് കമ്മിറ്റി നടത്തുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.