ഉരുൾ ദുരന്തത്തെ വി. മുരളീധരൻ നിസാരവത്കരിച്ചതിൽ പ്രതിഷേധം
1480478
Wednesday, November 20, 2024 5:14 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ നിസാരവത്കരിച്ചതിൽ പ്രതിഷേധം.
ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വി. മുരളീധരൻ പറഞ്ഞ കാര്യങ്ങളാണ് ജില്ലയിൽ പ്രതിഷേധത്തിനു കാരണമായത്. ദുരന്തബാധിതർക്കുള്ള അധിക കേന്ദ്ര സഹായത്തിന്റെ പേരിൽ ഇന്ത്യ സഖ്യം കുപ്രചാരണം നടത്തുന്നുവെന്നാണ് മുൻ കേന്ദ്ര മന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ഉരുൾ ദുരന്തം ബാധിച്ചതെന്നു ചൂണ്ടിക്കാട്ടിയ വി. മുരളീധരൻ ദുരന്തബാധിതരെ കോണ്‍ഗ്രസും സിപിഎമ്മും രാഷ്ടീയ ലക്ഷ്യത്തിനു ഉപയോഗിക്കുന്നതായി കുറ്റപ്പെടുത്തുകയുമുണ്ടായി.
ഉരുൾപൊട്ടൽ നിസാരവത്കരിച്ച് ദുരന്തബാധിതരെ അപമാനിച്ച വി. മുരളീധരൻ മാപ്പുപറയണമെന്ന് എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. നിസാര ദുരന്തമായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിന് നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തതെന്ന് മുരളീധരൻ വ്യക്തമാക്കണം. അദ്ദേഹത്തിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെയാകെ കളിയാക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് മുരളീധരൻ നടത്തുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
മുരളീധരന്റെ പ്രസ്താവനയോടെ ബിജെപിയുടെ തനിമുഖം ഒരിക്കൽകൂടി പുറത്തുവന്നെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. മലയാളികളെ അപമാനിക്കുന്ന പ്രസ്താവനയാണ് വി. മുരളീധരൻ നടത്തിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു കുറ്റപ്പെടുത്തി. ദുരിന്ത ബാധിതരെ അപമാനിക്കുന്ന ബിജെപി നേതാക്കൾക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നു അദ്ദേഹം പറഞ്ഞു.
ചുങ്കം ജംഗ്ഷനിൽ കോണ്‍ഗ്രസ് പ്രവർത്തകർ വി. മുരളീധരന്റെ കോലം കത്തിച്ചു. ഗൗതം ഗോകുൽദാസ്, ഡിന്റോ ജോസ്, സാലി റാട്ടക്കൊല്ലി, ടിയ ജോസ്, ബേസിൽ ജോർജ്, യാസീൻ പഞ്ചാര, തനുദേവ് കൂടംപൊയിൽ, ഹംസക്കോയ എന്നിവർ നേതൃത്വം നൽകി.